dd

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിവരങ്ങൾ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നില്ലെന്ന് ഡി.ജി.പി ഉറപ്പാക്കണമെന്ന് ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിലെയും വധഗൂഢാലോചന കേസിലെയും വിവരങ്ങൾ വിചാരണ പൂർത്തിയാകുന്നതുവരെ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീഭർത്താവ് ടി.എൻ. സുരാജ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നിർദ്ദേശം.

ഇരുകേസുകളിലും കോടതികളുടെ ഉത്തരവുകളല്ലാതെ സുരാജിനെക്കുറിച്ചുള്ള മറ്റു വാർത്തകൾ റിപ്പോർട്ടർ ചാനൽ മൂന്നാഴ്ചത്തേക്ക് സംപ്രേഷണം ചെയ്യുന്നത് കോടതി തടഞ്ഞു. അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങൾക്കു ചോർത്തി നൽകുന്നു എന്നതുൾപ്പെടെയുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ, അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസ് എന്നിവർ മറുപടി സത്യവാങ്മൂലം നൽകണം. ഹർജി 29നു പരിഗണിക്കും.

ചോർത്തി നൽകുന്നില്ലെന്നും കോടതിയിൽ സമർപ്പിക്കുന്ന രേഖകളാണ് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതെന്നും ഹർജിയെ എതിർത്ത് സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ അഡി. ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു.

അന്വേഷണ, വിചാരണ ഘട്ടങ്ങളിൽ കുറ്റക്കാരും വിശ്വസ്തരായ സാക്ഷികളും ആരൊക്കെയാണെന്ന തരത്തിൽ വാർത്തകൾ നൽകുന്നതൊഴിച്ച് മാദ്ധ്യമ താത്പര്യങ്ങളും ചർച്ചകളും ജനാധിപത്യ രാജ്യത്ത് അനുവദനീയമാണെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയുടെ അധികാരം കവർന്നെടുക്കാൻ മാദ്ധ്യമങ്ങൾക്ക് അവകാശമില്ല. നീതിയുക്തമായ വിചാരണ പ്രതികളുടെയും അവകാശമാണ്. ഇതിനു ഭംഗംവരുന്ന മാദ്ധ്യമ വിചാരണ കോടതിയലക്ഷ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരുടെ അവകാശങ്ങൾ ചവിട്ടി മെതിക്കാനുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.