
കൊച്ചി: നടൻ ദിലീപിനെതിരായ വധഗൂഢാലോചനക്കേസിൽ ഇനി പരിശോധിക്കാനുള്ളത് 6000ലധികം ശബ്ദരേഖകൾ. ഇവ പരിശോധിക്കാൻ സമയമെടുക്കുമെന്നതിനാൽ ദിലീപിന്റെ ഹർജി തള്ളിയത് ക്രൈംബ്രാഞ്ചിന് നൽകുന്ന ആശ്വാസം ചെറുതല്ല. വരും ദിവസങ്ങൾ ശബ്ദരേഖ വിശദമായി പരിശോധിച്ച് തുടങ്ങും. സായ് ശങ്കറിന്റെ ഐമാക്കിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമായിരിക്കും ദിലീപിനെ വീണ്ടും വിളിപ്പിക്കുക.
നേരത്തേ മൂന്ന് ദിവസം ക്രൈം ബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് മൊബൈൽ ഫോണുകൾ മുക്കിയെന്ന് കണ്ടെത്തിയതും ഫോൺ സംഭാഷണമുൾപ്പെടെ വീണ്ടെടുത്തതും. പിന്നീട് ദിലീപിനെ ചോദ്യം ചെയ്യാൻ തയ്യാറെടുത്തെങ്കിലും മാറ്റിവച്ചു.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ സംഘം ദിലീപിനെ രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയെ ചോദ്യം ചെയ്യേണ്ടത് എപ്പോഴെന്ന് തീരുമാനിച്ചിട്ടില്ല. വധഗൂഢാലോചനക്കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് കോടതി വിധിയിൽ നിന്ന് വ്യക്തമാകുന്നതെന്ന് എസ്.പി. മോഹനചന്ദ്രൻ പറഞ്ഞു.