
പള്ളുരുത്തി: ഇടക്കൊച്ചി പൊതുനിരത്തിൽ വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തി. അക്വിനാസ് കോളേജിനു മുൻവശത്താണിത്. അസഹ്യ ദുർഗന്ധംമൂലം പ്രദേശവാസികളും കോളേജിലെത്തുന്ന വിദ്യാർത്ഥികളും ദുരിതത്തിലായി.
പകർച്ചവ്യാധി ഭീഷണിയുമുണ്ട്. കക്കൂസ് മാലിന്യം ശേഖരിക്കുന്ന ഒട്ടേറെ ടാങ്കർ ലോറികൾ പകൽ ഈ ഭാഗത്ത് പാർക്ക് ചെയ്യുന്നുണ്ട്. രാത്രിയിൽ കാനകളിലേക്ക് മാലിന്യം തള്ളുന്നുവെന്ന പരാതിയുണ്ട്. ഇതിനിടെയാണ് പൊതുനിരത്തിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. കൗൺസിലർ ജീജ ടെൻസൺ നൽകിയ പരാതിയെ തുടർന്ന് പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി. റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മാലിന്യം തള്ളിയ ടാങ്കർ ലോറികൾ കണ്ടെത്തിയിട്ടുണ്ട്. നഗരസഭാ ആരോഗ്യ വിഭാഗവും അന്വേഷണം ആരംഭിച്ചു.