പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര തീരദേശ പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കാൻ വാർട്ടർ അതോറിറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ചുതുടങ്ങി. മുനിസിപ്പൽ ടൗൺഹാളിന് പിന്നിലെ റോഡിലൂടെ വൃന്ദാവൻ ബസ് സ്റ്റോപ്പ് വഴി പറവൂർ പാലത്തിന് സമീപംവരെയാണ് ആദ്യഘട്ടത്തിൽ പൈപ്പിടുന്നത്. ഇവിടെനിന്ന് പുഴയുടെ അടിയിലൂടെ സ്ഥാപിച്ചിട്ടുള്ള പൈപ്പുമായി ബന്ധിപ്പിക്കും. വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപത്തെ കെ.ഐ. മാത്യു റോഡിലാണ് പണി ആരംഭിച്ചത്. റോഡിലെ ഗതാഗതം മാത്രമേ നിലവിൽ നിരോധിച്ചിട്ടുണ്ട്. 400 എം.എം ഡി.ഐ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഇവിടേക്ക് ആവശ്യമായ പൈപ്പ് റോഡരികിൽ ഇറക്കിവച്ചിട്ടുണ്ട്. 40വർഷം പഴക്കമുള്ള 400 എം.എം പൈപ്പാണ് നിലവിലുള്ളത്. ഇത് അടിക്കടി പൊട്ടുന്നതിനാൽ ഇരുപഞ്ചായത്തുകളിലേക്കുള്ള ശുദ്ധജലവിതരണം മുടങ്ങുന്നത് പതിവാണ്. പുതിയ പൈപ്പ് ഇടണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനാണ് നടപടിയായത്. ജലഅതോറിറ്റിയുടെ പമ്പ് ഹൗസിൽനിന്ന് മുനിസിപ്പൽ ടൗൺഹാൾ വരെ നേരത്തെ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. മുനിസിപ്പൽ ടൗൺഹാൾ മുതൽ പറവൂർപാലംവരെ ദേശീയപാതയിലൂടെ പൈപ്പ് ഇടാൻ അനുമതി ലഭിക്കാത്തതിനാലാണ് ടൗൺഹാളിന് പിന്നിലൂടെയുള്ള പുതിയവഴി തിരഞ്ഞെടുത്തത്. പറവൂർപാലം മുതൽ മുനമ്പംകവല വരെയുള്ള പൈപ്പ് പിന്നീട് മാറ്റും.