ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ വികസനകാര്യത്തിലുള്ള കെടുകാര്യസ്ഥതയാണെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. അൻവർ സാദത്ത് എം.എൽ.എ ബസ്‌സ്റ്റേഷന്റെ നിർമ്മാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടും പ്രവർത്തനങ്ങൾ മന്ദഗതിയിലായത് സർക്കാരിന്റേയും ഉദ്യോഗസ്ഥരുടെയും അനാസ്ഥകൊണ്ടുമാത്രമാണെന്ന് ചെയർമാൻ ലത്തീഫ് പൂഴിത്തറയും കൺവീനർ എം.കെ.എ ലത്തീഫും പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങൾ യഥാസമയും പൂർത്തീകരിച്ചിരുന്നുവെങ്കിൽ വാടകയിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരുമായിരുന്നില്ല. നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിലുള്ള പ്രതിഷേധം നിയമസഭയിലും അതോടൊപ്പം സർക്കാരിനേയും വകുപ്പുമന്ത്രിയേയും അൻവർ സാദത്ത് എം.എൽ.എ നിരന്തരം നേരിട്ടറിയിച്ചിട്ടുള്ളതാണ്. അതിനാൽ എൽ.ഡി.എഫ് പ്രതിഷേധിക്കേണ്ടത് സർക്കാരിനും വകുപ്പു മന്ത്രിക്കെതിരെയുമാണ്.

കീഴ്മാട് സർക്കുലർ റോഡിന്റെ പുനരുദ്ധാരണം പൂർത്തികരിക്കുന്നതിനുള്ള ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പുമന്ത്രി നേരിട്ടേറ്റെടുത്തിട്ടും എങ്ങുമെത്തിയില്ലെന്നുള്ളത് ജനങ്ങൾക്കറിയാം. നിർമ്മാണം അവസാനഘട്ടത്തിൽ എത്തിയപ്പോൾ പ്രതിഷേധനാടകം നടത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് എൽ.ഡി.എഫ് നടത്തുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു.