ആലുവ: നൊച്ചിമ പോട്ടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പോട്ടച്ചിറപ്പൂരം വിസ്മയക്കാഴ്ച്ചയായി. ഗജവീരനും വർണ്ണക്കാവടിയും പാണ്ടിമേളവും പൂത്താലങ്ങളും കരിമരുന്നും ദൃശ്യവിരുന്നൊരുക്കി. നൂറുകണക്കിന് ഭക്തരും നാട്ടുകാരും പോട്ടച്ചിറപ്പൂരം ആസ്വദിക്കാനെത്തി.
രാവിലെ കാഴ്ചശീവേലി, പോട്ടച്ചിറസദ്യ, നിലവിളക്ക് പ്രദക്ഷിണം എന്നിവയും നടന്നു. ഇന്ന് ആറാട്ടോടെ സമാപിക്കും. ലക്ഷ്മീനരസിംഹ തേജസുള്ള പോട്ടച്ചിറ ദേവനെ ശ്രീകോവിലിൽനിന്ന് ക്ഷേത്രം തന്ത്രി പഞ്ചലോഹ തിടമ്പിലേക്ക് ആവാഹിച്ച് ചുറ്റമ്പലത്തിനുപുറത്ത് ഗജശിരസിൽ ഇരുത്തി മൂന്ന് പ്രദക്ഷിണം നടത്തും. നിലവിളക്ക് പ്രദക്ഷിണത്തിന് ഉത്സവകമ്മറ്റി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.