nagarasabha
നഗരസഭയും പരിത്രാൺ ചാരിറ്റബിൾ ട്രസ്റ്റും തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് എൻ.എസ്.എസ്. യൂണിറ്റും സംയുക്തമായി മൂവാറ്റുപുഴ ചിൽഡ്രൻസ് പാർക്കിൽ സംഘടിപ്പിക്കുന്ന പുഴയോരം ആർട്ട് ക്യാമ്പ് നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നഗരസഭയും പരിത്രാൺ ചാരിറ്റബിൾ ട്രസ്റ്റും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി മൂവാറ്റുപുഴ ചിൽഡ്രൻസ് പാർക്കിൽ സംഘടിപ്പിക്കുന്ന പുഴയോരം ആർട്ട് ക്യാമ്പിന് തുടക്കമായി. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സിനി ബിജു അദ്ധ്യക്ഷതവഹിച്ചു . പാട്ടും ശില്പവും വരയും എന്നപേരിൽ 21 വരെ ക്യാമ്പ് നടക്കും. ചിൽഡ്രൻസ് പാർക്കിന്റെ നവീകരണവും വെള്ളൂർകുന്നം ക്ഷേത്രക്കടവിന്റെ സൗന്ദര്യവത്കരണവും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു. ആർ.എൽ.വിയിലെ 20 ചിത്രകലാ വിദ്യാർത്ഥികൾ ക്യാമ്പ് നയിക്കും.

നെഹ്രുപാർക്കിലെ കുട്ടികളുടെ പാർക്കിന്റെ ചുറ്റുമതിലിൽ ചുമർചിത്രങ്ങൾ ഒരുക്കും. മതിലിന്റെ ഇരുവശങ്ങളിലുമായി കുട്ടികളെ ആകർഷിക്കുന്ന കാർട്ടൂണുകളും പൂക്കളും ചിത്രശലഭങ്ങളും പ്രകൃതി ദൃശ്യങ്ങളുമെല്ലാം സ്ഥാനംപിടിക്കും. നിലവിൽ പാർക്കിലുള്ള ശില്പങ്ങൾ നിറംകൂട്ടി മനോഹരമാക്കും. കളി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും നടത്തും. കൊവിഡിനെത്തുടർന്ന് രണ്ടരവർഷമായി അടച്ചിട്ടിരിക്കുന്ന പാർക്ക് നവീകരിച്ച കുട്ടികൾക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം പാർക്കിനോട് ചേർന്നുള്ള വെള്ളൂർകുന്നം ക്ഷേത്രക്കടവ് മനോഹരമാക്കും. ലക്ഷങ്ങൾ ചെലവഴിച്ച് ഏതാനും ആഴ്ച മുമ്പ് നഗരസഭ കടവ് നവീകരണം പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മതിലും പടവുകളും വാൾ പെയിന്റിംഗിലൂടെ മനോഹരമാക്കുന്നത്. ഇതോടനുബന്ധിച്ച് 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് 15 വയസിൽ താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് പാട്ടുംശില്പനി​ർമ്മാണവും വരയും സംഘടിപ്പിക്കും. ശില്പ നിർമ്മാണത്തിലും ചിത്രകലയിലും പരിശീലനം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. പങ്കെടുക്കുന്ന കുട്ടികൾക്ക് കളിമണ്ണും ചായവും മറ്റും സൗജന്യമായി നൽകും. വ്യക്തിഗത മത്സരത്തിന് അപ്പുറം ഗ്രൂപ്പായി കലാവാസന പ്രകടിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

പരിപാടി ആരംഭിക്കുന്ന ഉച്ചകഴിഞ്ഞ് രണ്ടുമുതൽ മൂവാറ്റുപുഴ തണൽ ഫ്രീഡം ഓൺ വീൽസ് ഗ്രൂപ്പിന്റെ ഗാനമേള. അപകടങ്ങളിലും മറ്റുംപെട്ട് ചലനശേഷി നഷ്ടപ്പെട്ട വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന വരുടെ കൂട്ടായ്മയാണ് തണൽ. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഗാനമേളയും നാടകവും നടത്തി ശ്രദ്ധനേടിയ കലാകാരന്മാരാണ് വീൽചെയറിലിരുന്ന് ഗാനമേള നടത്തുക.