കോലഞ്ചേരി: ആതുരസേവനം മറയാക്കി വ്യാജപണപ്പിരിവ് വ്യാപകമാകുന്നു. രജിസ്‌ട്രേഷൻ പോലുമില്ലാത്ത ട്രസ്റ്റുകളുടെ പേരിലാണ് പണപ്പിരിവ് നടത്തുന്നത്. രണ്ടു പേരടങ്ങുന്ന സംഘം ഗ്രാമീണ മേഖലകളിലെ ഉൾപ്രദേശങ്ങളിൽ വീടുവീടാന്തരം കയറി ഇറങ്ങിയാണ് പണം പിരിക്കുന്നത്.
ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ പുനരധിവാസം, വൃദ്ധജനങ്ങളെ സൗജന്യമായി സംരക്ഷിക്കുന്ന കേന്ദ്രം, വികലാംഗ കുട്ടികൾക്കായുള്ള സംരക്ഷണകേന്ദ്രം, അന്ധവിദ്യാർത്ഥികൾക്കായുള്ള പഠനകേന്ദ്രം എന്നിവയുടെ പേരിലാണ് പണപ്പിരിവ്. തമിഴ്‌നാട്ടിലും കേരളത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള ചില സംഘടനകളുടെ പേരിലാണിത് നടത്തുന്നത്. വീടുകളിലെത്തി അഞ്ഞൂറുരൂപ മുതലുള്ള രസീത് കാണിച്ചാണ് പിരിവ് നടത്തുന്നത്. അഞ്ഞൂറുരൂപയിൽ ആരംഭിക്കുന്ന അവശ്യം ഒടുവിൽ പത്തുരൂപയെങ്കിലും ലഭിച്ചാലും മതിയെന്ന അവസ്ഥയിലാകും. ഏതെങ്കിലും സംഘടനയുടെ പേരിലുള്ള നോട്ടീസുമായി എത്തുന്ന ഇവർ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ട്രസ്റ്റെന്നാണ് അവകാശപ്പെടുന്നത്. ഇതിന് വിശ്വാസ്യതയേകുവാൻ നോട്ടീസിൽ സംഘടനയുടെ രജിസ്‌ട്രേഷൻ നമ്പറും മൊബൈൽ ഫോൺ നമ്പറും രേഖപ്പെടുത്തിയിരിക്കും. മൊബൈലിൽ വിളിച്ചാൽ ഫോൺ എടുക്കുകയും ട്രസ്റ്റിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യും. പലപ്പോഴും ക്ളബുകളുടെ രജിസ്‌ട്രേഷൻ നമ്പർപോലും ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ വീടുകളിലേക്ക് സ്ത്രീകൾ അടങ്ങുന്ന സംഘത്തെ ഇത്തരം മാഫിയ പിരിവിനായി നിയോഗിച്ചിട്ടുണ്ട്. പിരിവിനായി നിയോഗിക്കുന്നവർ കമ്മിഷൻ വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. പിരിച്ചെടുക്കുന്ന തുകയുടെ അമ്പതുശതമാനം ജീവനക്കാർക്കും അമ്പതുശതമാനം ഇവരെ നിയോഗിക്കുന്നവർക്കുമാണ്. പകൽസമയങ്ങളിൽ പിരിവിനായി ഇറങ്ങുന്ന ഇവർ ലക്ഷ്യംവെയ്ക്കുന്നത് സ്ത്രീകൾ മാത്രമുള്ള വീടുകളാണ്. പിരിവിന്റെ വിശ്വാസ്യതയ്ക്കായി പഴകിയ തുണിത്തരങ്ങളും ഇവർ അഗതികൾക്കെന്ന പേരിൽ വാങ്ങും. ഇത്തരം പഴകിയ തുണി മാെത്തമായി വാങ്ങി കഴുകിവിൽക്കുന്ന സംഘത്തിന് കൈമാറുകയാണ് രീതി.