കൊച്ചി: കൊച്ചി നഗരത്തിലെ അംഗീകൃത തെരുവുകച്ചവടക്കാരുടെ പട്ടിക ഡിവിഷൻ തിരിച്ച് പ്രസിദ്ധീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായില്ല, നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ മേയ് നാലിന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടു.

വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികളിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരാണ് നിർദ്ദേശം നൽകിയത്. വഴിയോരക്കച്ചവടക്കാരുടെ ഡിവിഷൻ തിരിച്ചുള്ള പട്ടിക രണ്ടാഴ്‌ചയ്ക്കുള്ളിൽ നഗരസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ഏപ്രിൽ ഏഴിന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

കാലാവധി കഴിയാറായിട്ടും ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ നടപടിയായിട്ടില്ലെന്ന് ഹർജി വീണ്ടും പരിഗണിച്ചപ്പോൾ അമിക്കസ് ക്യൂറി കോടതിയിൽ അറിയിച്ചു. അവധിദിനങ്ങൾ വന്നതിനാലാണ് വൈകിയതെന്നും 10 ദിവസത്തിനകം ലിസ്റ്റ് പ്രസിദ്ധീകരിക്കാമെന്നും നഗരസഭ വ്യക്തമാക്കി. നഗരസഭാ സെക്രട്ടറി ചികിത്സയിലായതിനാൽ മറ്റൊരു ഉദ്യോഗസ്ഥനാണ് ചുമതല നൽകിയിട്ടുള്ളതെന്നും വിശദീകരിച്ചു.

നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സെക്രട്ടറിയുടെ ഓഫീസിൽ എത്തുന്ന അപേക്ഷകൾക്കും അന്വേഷണങ്ങൾക്കും കൃത്യമായി മറുപടി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തുടർന്നാണ് മേയ് നാലിന് ഹാജരായി വിശദീകരണം നൽകാൻ ഉത്തരവിട്ടത്. നഗരസഭയിലെ ഒരു ഡിവിഷനിലേക്ക് ഉപതിരഞ്ഞെടുപ്പിനായി സർക്കാർ വിജ്ഞാപനമിറക്കിയ സാഹചര്യത്തിലുള്ള തിരക്കുകൾ നഗരസഭയുടെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും സർക്കാർ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറക്കിയത് കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കാൻ കാരണമല്ലെന്നും ഹൈക്കോടതി മറുപടി നൽകി. ഹർജികൾ മേയ് നാലിന് വീണ്ടും പരിഗണിക്കും.

നൂറ് കച്ചവടക്കാരെ ഒഴിപ്പിച്ചു

നഗരത്തിൽ ഇതിനകം നൂറിലേറെ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചെന്ന് ഇതിനായി നിയോഗിച്ച സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. മാർച്ച് 15 മുതൽ ഏപ്രിൽ 13 വരെയുള്ള കണക്കാണിത്. ഏപ്രിൽ 23ന് 32 പേർക്ക് നോട്ടീസ് നൽകിയിരുന്നു. തൊട്ടടുത്ത ദിവസം 20 അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആകെ നോട്ടീസ് നൽകിയത് : 131

ഒഴിപ്പിച്ചത് : 101