ka
കുരുപ്പപ്പാറ പാൽ സൊസൈറ്റിക്ക് മുൻവശം കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു.

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിന്റെയും പതിനെട്ടാം വാർഡിന്റെയും അതിർത്തി പങ്കിടുന്ന കുരുപ്പപാറ - കീച്ചേരിപ്പടി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളേറെയായി. ദിനംപ്രതി നിരവധി ആളുകൾ വന്നുപോകുന്ന കുരുപ്പപ്പാറ പാൽ സൊസൈറ്റിയുടെ മുൻവശത്താണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിക്കിടക്കുന്നത്. രണ്ടിടങ്ങളിലേക്ക് വെള്ളം തിരിഞ്ഞുപോകുന്ന ജംഗ്ഷൻ ആണെന്നും ലൈനിൽ ശക്തമായ പ്രഷർ വരുമ്പോഴാണ് ഇവിടെ ചോർച്ച ഉണ്ടാകുന്നതെന്നുമാണ് അധികാരികൾ പറയുന്നത്.

വാർഡ് മെമ്പറും നാട്ടുകാരും നിരവധിതവണ പരാതിപ്പെട്ടിട്ടും ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ അധികൃതർ കൂട്ടാക്കുന്നില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ വഴിയിൽ കുണ്ടും കുഴിയും ചെളിയും നിറഞ്ഞു കിടക്കുകയാണ്. ഇതുവഴി നടന്നുപോകാൻ ആളുകൾ ഏറെ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം ആളുകളുടെ ദേഹത്തേക്ക് തെറിക്കുന്നത് പതിവാണ്. സമരപരിപാടികളുമായി മുന്നോട്ടുപോകുനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ. പതിനെട്ടാം വാർഡിൽ പലയിടങ്ങളിലും ഇത്തരത്തിൽ പൈപ്പുപൊട്ടി വെള്ളം പാഴാകുന്നുണ്ട്.

അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയുടെ പ്രത്യക്ഷ ഉദാഹരണമാണിത്. ശാശ്വതപരിഹാരം ഉണ്ടാക്കണം.

സജി വർഗീസ് കണ്ണോത്തുകുടി

നിരവധിതവണ പരാതിപ്പെട്ടിട്ടും പ്രശ്നപരിഹാരമില്ല. അടിയന്തര നടപടിയിലൂടെ ശാശ്വതപരിഹാരം വേണം.

പി.എം. രാജൻ, കുരുപ്പപ്പാറ .

പാറയുള്ള സ്ഥലമായതിനാൽ പൈപ്പുലൈൻ മണ്ണിന് മുകളിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഭാരവണ്ടികൾ കടന്നുപോകുമ്പോൾ ലൈൻ പൊട്ടുന്നതാണ് ഇവിടത്തെ പ്രധാനപ്രശ്നം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടും കരാറുകാരോടും നിരവധിതവണ ഈ പ്രശ്നത്തെക്കുറിച്ച് പറഞ്ഞിട്ടും പരിഹാരമില്ല. അറ്റകുറ്റപ്പണികൾക്ക് വേണ്ട സാധനസാമഗ്രികൾ നൽകാമെന്നും അറിയിച്ചിട്ടുള്ളതാണ്.

ബിജു കുര്യാക്കോസ്, പഞ്ചായത്ത്

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ.