ആലുവ: ആലുവയിൽ ഗുണ്ടാപ്പിരിവ് വഴിയോരക്കച്ചവടക്കാരെ പൊറുതിമുട്ടിക്കുന്നു. പിരിവ് നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ വഴിയോര കച്ചവടക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആലുവ പമ്പ് കവലയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയെയാണ് ഗുണ്ടാസംഘം ഒടുവിൽ ഭീഷണിപ്പെടുത്തിയത്. വഴിയോര കച്ചവടക്കാർക്ക് ഈ സംഘം പലിശയ്ക്ക് പണം നൽകി നിത്യേന പിരിവെടുക്കുന്ന ഇടപാടുമുണ്ട്. ഇതിൽ പങ്കാളിയാകാൻ യുവതിയോട് ആവശ്യപ്പെട്ടുവെങ്കിലും നിരസിക്കുകയായിരുന്നു. തുടർന്നാണ് യുവതിയേയും മകനെയും നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നത്.
നഗരത്തിലെ വീടുകളിൽ വീട്ടുജോലി ചെയ്താണ് യുവതി മകനെ വളർത്തിയിരുന്നത്. തന്റെ വരുമാനത്തിന്റെ നിശ്ചിത വിഹിതമുപയോഗിച്ച് കടവരാന്തകളിൽ അന്തിയുറങ്ങുന്നവർക്ക് ഇവർ സൗജന്യമായി ഭക്ഷണവും നൽകുന്നുണ്ട്. എന്നാൽ കൊവിഡിനെത്തുടർന്ന് വീട്ടുജോലി കുറഞ്ഞപ്പോഴാണ് യുവതി വഴിയോരക്കച്ചവടത്തിനിറങ്ങിയത്.