fact-h-s

കളമശേരി: ഫാക്ട് ഹൈസ്കൂൾ കെട്ടിടവും സ്ഥലവും കേന്ദ്രീയ വിദ്യാലയത്തിനു വേണ്ടി ഏറ്റെടുക്കാനുള്ള ആലോചനകളുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനായി ഉന്നത ഉദ്യോഗസ്ഥസംഘം ഇന്നലെ സന്ദർശിച്ചു.

കെ.വി ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി കമ്മിഷണർ ആർ.സെന്തിൽകുമാർ, അസിസ്റ്റന്റ് കമ്മിഷണർ എൻ.സന്തോഷ് കുമാർ, കടവന്ത്ര കെ.വി പ്രിൻസിപ്പൽ ആർ.സുരേന്ദ്രൻ, പറവൂർ താലൂക്ക് തഹസിൽദാർ കെ.എൻ അംബിക, ജൂനിയർ സൂപ്രണ്ട് (എൽ.ആർ) അബൂബക്കർ, ഏലൂർ വില്ലേജ് ഓഫീസർ മനോജ്, ഡെപ്യൂട്ടി തഹസിൽദാർ (എച്ച്.ക്യൂ ) സംഗീത്, ഡപ്യൂട്ടി തഹസിൽദാർ ജലീൽ, പി.ഡബ്ളിയു എ. ഇ അഞ്ജന, എ.ഇ സജികുമാർ, എന്നിവരാണ് സന്ദർശിച്ചത്.

ഫാക്ട് ഡി.ജിഎം (എച്ച്.ആർ) ദിലീപ് മോഹൻ, നഗരസഭ ചെയർമാൻ എ.ഡി. സുജിൽ എന്നിവർ ഔദ്യോഗിക സംഘത്തെ അനുഗമിച്ചു. സ്കൂൾ കെട്ടിടം, ക്ലാസ് മുറികൾ, മൈതാനം, കെട്ടിട പ്ലാൻ തുടങ്ങിയവ സംഘം വിലയിരുത്തി. 22 ഏക്കർ സ്ഥലമുണ്ടെങ്കിലും അഞ്ചേക്കർ സ്ഥലമാണ് സ്കൂളിനായി ആവശ്യപ്പെട്ടിട്ടുള്ളത്. 1 മുതൽ 5 വരെ ക്ലാസുകളായിരിക്കും തുടക്കത്തിൽ. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നടപടികൾ പൂർത്തിയാക്കി കെ.വിക്ക് കൈമാറണം. നിലവിലുള്ള വിദ്യാർത്ഥികളേയും ജീവനക്കാരെയും ഏറ്റെടുക്കില്ല. ജില്ലാ ഭരണകൂടമായിരിക്കും ഫാക്ടുമായി ചർച്ച നടത്തി കരാർ ഉണ്ടാക്കുന്നത്. ഉടൻ കളക്ടറുടെ ചേംബറിൽ മീറ്റിംഗ് വിളിക്കും. ഉദ്യോഗസ്ഥർ ഇത് മൂന്നാം തവണയാണ് സ്ഥലം സന്ദർശിക്കുന്നത്.