road
ഒന്നാംമൈൽ- കാരമോളേൽ റോഡ് പുനർനിർമ്മാണം നടക്കുന്നു

മൂവാറ്റുപുഴ: ഫണ്ട് അനുവദിച്ചിട്ടും റോഡ് നിർമ്മാണം വൈകുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുുമായി രംഗതെത്തിയതോടെ ഒന്നാംമൈൽ -കാരമോളേൽ റോഡ് നിർമ്മാണത്തിന് ഇന്നലെ തുടക്കമായി. പായിപ്ര ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് ഒന്നാംമൈൽ - കാരമോളേൽ റോഡിനാണ് ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടും നിർമ്മാണം ആരംഭിക്കാത്തതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എം.എൽ.എ ആയിരുന്ന എൽദോ എബ്രഹാമിന്റെ ആസ്തിവികസനഫണ്ടിൽനിന്ന് റോഡ് നവീകരണത്തിനായി 15 ലക്ഷം രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ റോഡ് നിർമ്മാണവും നിലച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും റോഡ് നിർമ്മാണം ആരംഭിക്കാത്തതിനെതിരെയാണ് പ്രതിഷേധം. പുതുപ്പാടി-ഇരുമലപ്പടി റോഡിലെ ഒന്നാംമൈലിൽ നിന്നാരംഭിച്ച് അട്ടായം-മുളവൂർ പി.ഒ ജംഗ്ഷൻ റോഡിലെ വത്തിക്കാൻ സിറ്റിയിൽ അവസാനിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. അഞ്ചുവർഷം മുമ്പ് ടാർചെയ്ത റോഡ് ഇപ്പോൾ പൂർണ്ണമായും തകർന്ന് കാൽനടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. വേനൽമഴ പെയ്തതോടെ വെള്ളക്കെട്ടും ചെളിയും രൂപപ്പെട്ടതിനാൽ നിത്യേന വാഹനങ്ങൾ അപകടത്തിൽപെടുകയാണ്. റോഡിന്റെ ശോച്യാവസ്ഥകാരണം പ്രദേശത്തേക്ക് ഓട്ടോറിക്ഷകൾപോലും വരാത്ത അവസ്ഥയാണ്. ഇതിനെല്ലാം പരിഹാരമാകുകയാണ്.