
കളമശേരി: ഏലൂർ പാതാളം കവലയിൽ ഇന്നലെ വീണ്ടും ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം അതിശക്തമായി പുറത്തേക്കൊഴുകി. കഴിഞ്ഞമാസം 26 ന് 150 എം.എം ആസ്ബറ്റോസ് പൈപ്പ് പൊട്ടി നന്നാക്കിയ സ്ഥലത്താണ് വീണ്ടും പൊട്ടി വെള്ളം പാഴാകുന്നത്.
വൻ കുഴിയെടുത്ത് തകരാറുകൾ പരിഹരിച്ച് എം-സാൻഡും മണ്ണും വാരിയിട്ട് കുഴി മൂടാൻ ശ്രമിച്ചെങ്കിലും ടാർ ചെയ്യാതിരുന്നതിനാൽ തിരിച്ചടിയായി.
വാഹനങ്ങൾ കടന്നുപോയപ്പോൾ രൂപംകൊണ്ട കുഴിയിൽ ഇരുചക്രവാഹനത്തിൽ വരുന്നവർ സ്ഥിരമായ് തെറിച്ചുവീഴുകയും പരിക്ക് പറ്റുന്നതും പതിവായിരുന്നു. ഭാരം കയറ്റിയ വലിയ വാഹനങ്ങളും കണ്ടെയ്നറുകളും സ്ഥിരമായ് സഞ്ചരിക്കുന്ന പ്രധാന കവലയാണിത്. പൈപ്പ് നന്നാക്കുന്നതു വരെ കുടിവെള്ളം മുടങ്ങും.