ba
ജില്ലയിൽ 2021-22 വാർഷിക പദ്ധതി തുക 103 % ചെലവഴിച്ച് മികച്ചനേട്ടം കൈവരിച്ച കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസിൽ പോൾ , ബി.ഡി.ഒ.റഹിമബീവി എന്നിവർ ചേർന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്കി​ൽനി​ന്ന് ഏറ്റുവാങ്ങുന്നു

കുറുപ്പംപടി: ജില്ലയിൽ 2021-22 വാർഷിക പദ്ധതിതുക 103% ചെലവഴിച്ച് മികച്ചനേട്ടം കൈവരിച്ച കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ കളക്ടർ ജാഫർ മാലിക് പുരസ്‌കാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ , ബി.ഡി.ഒ റഹിമബീവി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമത്തിന്റെ നേട്ടമാണ് ഇതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ പറഞ്ഞു. ലൈഫ് ഭവനനിർമ്മാണ പദ്ധതി ഗുണഭോക്താക്കളിൽ ഭൂരഹിതരായ ജനറൽ വിഭാഗത്തിലെ നിരവധിപേർക്ക് സ്ഥലംവാങ്ങുന്നതിന് ധനസഹായം നൽകുകയും 6 ഗ്രാമപഞ്ചായത്തുകൾക്കും ലൈഫ് ഭവനപദ്ധതിക്ക് വിഹിതം നൽകുകയും ചെയ്തു.

കാർഷിക മേഖലയക്ക് പ്രത്യേകപരിഗണന നൽകി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ നിരവധി കുളങ്ങളും തോടുകളും ശുചിയാക്കുന്ന പദ്ധതി നടപ്പിലാക്കി. കേരഗ്രാമമെന്ന ആശയം മുൻനിറുത്തി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് മേൽത്തരം തെങ്ങിൻതൈകൾ നഴ്‌സറിയിൽ തയ്യാറാക്കി വിതരണം ചെയ്യാൻ നടപടിയെടുത്തു. അത്യുത്പാദനശേഷിയുള്ള ഫലവൃക്ഷത്തൈകൾ കൃഷിഭവനുകളി​ലൂടെ വിതരണം നടത്തി.

അങ്കണ​വാടികൾക്കും ശിശുസൗഹൃദ ഇരിപ്പിടങ്ങൾ നൽകി​. 78 അങ്കണവാടികൾ ഹൈടെക് ആക്കുന്നതിനുവേണ്ടി പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ഷീ ഹാപ്പി പദ്ധതി നടപ്പിലാക്കി. പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് വീൽച്ചെയറും അഡ്!ജസ്റ്റബിൾ കോട്ടും നൽകി.