
കൊച്ചി: ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരെ ആക്രമണങ്ങൾ വർദ്ധിക്കുമ്പോൾ ആശുപത്രികളെ സുരക്ഷിത മേഖലകളാക്കണമെന്ന നിർദ്ദേശത്തിൽ സർക്കാർ ഒരിഞ്ചുപോലും മുന്നോട്ടുപോയില്ലെന്ന് ഐ.എം.എ സംസ്ഥാനപ്രസിഡന്റ് ഡോ. സാമുവൽ കോശി പറഞ്ഞു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ ചില വ്യവസ്ഥകൾ ചെറുതും ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒഴിവാക്കണം. എം.ബി.ബി.എസ് യോഗ്യതയില്ലാത്തവർക്കും ആധുനിക വൈദ്യശാസ്ത്രമേഖല കൈകാര്യം ചെയ്യാൻ ബ്രിഡ്‌ജ് കോഴ്സുകൾ വഴി അനുവാദം നൽകാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം. ഡോ. ജോസഫ് ബെനവെൻ, ഡോ. ഗോപികുമാർ, ഡോ. ജോയ് മഞ്ഞില, ഡോ.എം.എൻ.മേനോൻ, ഡോ.എബ്രഹാം വർഗീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.