ladak-trip-copy
ലഡാക്കിലേക്കുള്ള അമ്മയുടേയും മകന്റേയും ബൈക്ക് യാത്ര എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഫ്ളാഗ്ഓഫ് ചെയ്യുന്നു

പറവൂർ: കാശ്മീരിലെ മഞ്ഞുമലകളിലൂടെ ബൈക്കിലൊരു യാത്ര അമ്മയുടേയും മകന്റേയും ഏറെനാളെത്തെ ആഗ്രഹമായിരുന്നു. അമ്പതുകാരിയായ സിന്ധുവും ഇരുപത്തിയാറുകാരനായ മകൻ ഗോപകുമാറും ഇന്നലെ ഹിമാലയൻ ബൈക്കിൽ ലഡാക്കിലേക്ക് സാഹസിക യാത്രപുറപ്പെട്ടു. മഹാരാജാസ് കോളേജിലെ കാന്റീൻ ജീവനക്കാരിയായ സിന്ധു യാത്രയ്ക്കായി ഒരുവർഷം മുമ്പ് ബൈക്ക് ഓടിക്കാൻ പഠിച്ചുതുടങ്ങി. എടവനക്കാടുള്ള കടയിൽ സെയിൽസ്‌മാനാണ് ഗോപകുമാർ. യാത്രയിൽ അമ്മയും മകനും ബൈക്കര മാറിമാറി ഓടിക്കും. ഗോവ, പൂനെ, മഹാരാഷ്ട്ര, ജയ്‌പൂർ, ശ്രീനഗർ, ലഡാക്ക് വഴിയാണ് യാത്ര.

ഒരു ദിവസം മുന്നൂറിലെറെ കിലോമീറ്റർ ദൂരം താണ്ടും. രാത്രി എത്തുനിന്നടത്ത് തങ്ങി പുലർച്ചെ യാത്രതുടരും. ലഡാക്കിലെത്താൻ പന്ത്രണ്ട് ദിവസത്തോളമെടുക്കും. യാത്ര സുഖകരമാണെങ്കിൽ ബൈക്കിൽ മടങ്ങും. ഇല്ലെങ്കിൽ ട്രെയിനാലാവും തിരിച്ചുവരിക. സിന്ധുവിന്റെ ഭർത്താവ് കുട്ടൻ ‌ഡ്രൈവറായിരുന്നു. അപകടത്തിൽപ്പെട്ട് വർഷങ്ങളോളം ചികിത്സയിലായിരുന്നു. ഇപ്പോൾ മുച്ചക്രവാഹനത്തിൽ ലോട്ടറി വില്പനയുണ്ട്. വിവാഹിതയായ മകളുണ്ട്. ഇന്നലെ രാവിലെ ഏഴിക്കരയിലെ വീട്ടിൽനിന്ന് അമ്മയേയും മകനേയും യാത്രയാക്കാൻ ജനപ്രതിനിധികളടക്കം നിരവധിപേർ എത്തിയിരുന്നു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ യാത്ര ഫ്ളാഗ്ഓഫ് ചെയ്തു.