
കൊച്ചി: കൊച്ചി കോർപ്പറേഷൻ എറണാകുളം സൗത്ത് ഡിവിഷനിൽ (62) എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി എസ്. അശ്വതി. കാരിക്കാമുറി കോട്ടപ്പുറത്ത് കുടുംബാംഗമായ അശ്വതി ജേർണലിസം ബിരുദധാരിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇതേ ഡിവിഷനിൽ വി ഫോർ സ്ഥാനാർത്ഥിയായി മത്സരിച്ച അശ്വതി 261 വോട്ട് നേടിയിരുന്നു. 281 വോട്ട് ലഭിച്ച സി.പി.ഐ മൂന്നാം സ്ഥാനത്തായിരുന്നു.
കാരിക്കാമുറിക്കാരിയായ അശ്വതിക്ക് ഡിവിഷനുമായി അടുത്ത ബന്ധമുണ്ട്. പരിചയം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. മഹിളാമോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്. മേനോനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ഉദ്യോഗസ്ഥയായ അനിതവാര്യരാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ, യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മാസങ്ങൾക്ക് മുമ്പേ ധാരണയായിരുന്നു. ഇരുവരും ഒരാഴ്ച മുമ്പ് പ്രചാരണവും ആരംഭിച്ചു.
മേയ് 17 നാണ് ഉപതിരഞ്ഞെടുപ്പ്. ഡിവിഷൻ കൗൺസിലർ മിനി ആർ. മേനോന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.