വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്തിലെ 1, 23 വാർഡുകളിലായി എണ്ണൂറോളം കുടുംബങ്ങളെ ദുരിതത്തിലാക്കി ഭൂമിയുടെ കരം ഒടുക്കൽ, പോക്കുവരവ് എന്നിവ നിർത്തിവെച്ച നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം പള്ളിപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴുപ്പിള്ളി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വർഷങ്ങൾക്ക് മുമ്പ് തീറുവാങ്ങിയ ഭൂമിയാണിത്. പ്രശ്നത്തിൽ റവന്യൂ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചും ധർണയും ഏരിയാ സെക്രട്ടറി എ. പി. പ്രിനിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ.എസ്. അരുണ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എ. സാജിത്ത്, കെ.കെ. ജോഷി, ഒ.കെ. കൃഷ്ണകുമാർ, അലക്‌സ് താളൂപ്പാടത്ത്, എ.കെ. ഗിരീഷ്, എ. എസ്. രതീഷ് എന്നിവർ സംസാരിച്ചു.