കൊച്ചി: എറണാകുളം അതിരൂപതാ ആസ്ഥാന പള്ളിയായ സെന്റ് മേരീസ് ബസിലിക്കയിൽ ഇന്നലെയും കുർബാനയും മറ്റു കൂദാശകളും മുടങ്ങി. പരിഷ്കരിച്ച കുർബാനയെ ചൊല്ലിയുള്ള തർക്കം മൂലം മൂന്നു ദിവസമായി ബസിലിക്ക പള്ളിയിൽ കുർബാന നടത്താൻ കഴിയുന്നില്ല.

നേരത്തെ നിശ്ചയിച്ചിരുന്ന കല്യാണം, മനസ്സമ്മതം, മാമോദിസ എന്നിവ വടുതല ചാപ്പൽ, റിന്യൂവൽ സെന്റർ ചാപ്പൽ എന്നിവയിലേക്ക് മാറ്റിയിരുന്നു. ഇന്നു നിശ്ചയിച്ചിരുന്ന വിവാഹവും റിന്യൂവൽ സെന്ററിലേക്ക് മാറ്റി. ഇടവക പാരിഷ് കൗൺസിൽ ജനാഭിമുഖ കുർബാനയേ അനുവദിക്കൂവെന്ന് തീരുമാനിച്ചിരുന്നു. പരിഷ്കരിച്ച കുർബാന ആവശ്യപ്പെട്ട് ഒരു വിഭാഗം ബസലിക്കയ്ക്ക് മുമ്പിൽ സമരവും ആരംഭിച്ചിരുന്നു. സംഘർഷം ഒഴിവാക്കാൻ പൊലീസും സ്ഥലത്തുണ്ട്.

ദിവസേനയുള്ള കുർബാന ഒഴിച്ച് മറ്റു കർമ്മങ്ങൾക്ക് തടസം നിൽക്കില്ലെന്ന് സിനഡ് അനുകൂലികൾ അറിയിച്ചു. കുർബാന തടസം കൂടാതെ നടന്നാൽ മാത്രം മറ്റു കർമ്മങ്ങൾ നടത്തിയാൽ മതിയെന്ന് തീരുമാനിച്ചതായി അൽമായ മുന്നേറ്റം അറിയിച്ചു.