
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകരുടെ ഫോൺ ശബ്ദരേഖ ചോർത്തി മാദ്ധ്യമങ്ങൾക്ക് നൽകിയ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ വി. സേതുനാഥ് നൽകിയ പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേരള ബാർ കൗൺസിൽ പ്രസിഡന്റ് കെ.എൻ. അനിൽകുമാർ വ്യക്തമാക്കി.
ഇന്ത്യൻ തെളിവ് നിയമപ്രകാരം അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണത്തിന് സംരക്ഷണമുണ്ടെന്നും ഇതു മറികടന്ന് ശബ്ദരേഖ പുറത്തുവിട്ടത് നിയമലംഘനമാണെന്നും പരാതിയിൽ പറയുന്നു.
ആക്രമണത്തിനിരയായ നടി ദിലീപിന്റെ അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ ബാർ കൗൺസിൽ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിന് അഭിഭാഷകർ മറുപടി നൽകിയില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.