
കൊച്ചി: പീഡനക്കേസുകളിലെ ഇരകളടക്കമുള്ള സ്ത്രീകളും കുട്ടികൾക്കും പേടിയില്ലാതെ കോടതികളിലെത്തി മൊഴി നൽകാനും തെളിവെടുപ്പു പൂർത്തീകരിക്കാനും പ്രത്യേക സൗകര്യങ്ങളൊരുക്കാൻ ഹൈക്കോടതിയുടെ ഭരണവിഭാഗം നിർദ്ദേശിച്ചു.
സാക്ഷികളായ സ്ത്രീകളും കുട്ടികൾക്കും വേണ്ടി കോടതികളോട് ചേർന്ന് വൾനറബിൾ വിറ്റ്‌നെസ് ഡിപ്പോസിഷൻ സെന്റർ (വി.ഡബ്ളിയു.ഡി.സി) സ്ഥാപിക്കണം. ഇവർ കോടതിയിൽ പ്രതിയുമായി മുഖാമുഖം വരുന്നത് ഒഴിവാക്കാൻ ആഡിയോ - വീഡിയോ സജ്ജീകരണങ്ങളേർപ്പെടുത്തണം. ഇവർക്കായുള്ള വെയിറ്റിംഗ് റൂമുകളിൽ പുസ്തകങ്ങൾ, ടി.വി, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ, കളറിംഗ് സാമഗ്രികൾ തുടങ്ങിയവയൊരുക്കണം.
ഇവർക്ക് മൊഴി നൽകാൻ സ്ക്രീനുകളും സ്ഥാപിക്കണം. പ്രതിയുടെ സാന്നിദ്ധ്യത്തിൽ മൊഴി നൽകാൻ സാക്ഷി വിസമ്മതിച്ചാൽ പ്രതിയെ അടുത്ത മുറിയിലേക്ക് മാറ്റാൻ ജഡ്‌ജി നിർദ്ദേശിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
ദുർബല വിഭാഗം സാക്ഷികൾക്ക് കോടതി നടപടികളിൽ നിർഭയം പങ്കെടുക്കാൻ സൗകര്യം ഒരുക്കണമെന്ന സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ കോടതികളിൽ ഈ സൗകര്യങ്ങൾ ഉടൻ നടപ്പാക്കും.