ആലുവ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാരുണ്യസ്പർശം സൗജന്യ ഡയാലിസിസ് തുടർചികിത്സാ പദ്ധതിയുടെയും സ്‌നേഹസ്പന്ദനം പാലിയേറ്റീവ് കെയർ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 ന് ആലുവ ജില്ലാ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പി മാരായ ബെന്നി ബെഹന്നാൻ, ജെബി മേത്തർ, ജില്ലാ കളക്ടർ ജാഫർ മാലിക് എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ഡി.എം.ഒ ഡോ.വി. ജയശ്രീ, എം.ജെ ജോമി, എം.ഒ ജോൺ, റാണിക്കുട്ടി ജോർജ്, ആശാ സനൽ, കെ.ജി. ഡോണാ എന്നിവർ സംസാരിക്കും.
സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കും. ഒരു രോഗിക്ക് ചികിത്സാസഹായമായി വർഷം 48000 രൂപയ്ക്കാണ് അർഹതയുള്ളത്. കിടപ്പു രോഗികൾക്ക് വീടുകളിലെത്തി പാലിയേറ്റീവ് ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ് സ്‌നേഹസ്പന്ദനം പാലിയേറ്റീവ് കെയർ.