കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അജൻഡകൾ പാസാക്കുന്നതിലെ തർക്കത്തിന് ഒടുവിൽ മേയർ എം.അനിൽകുമാർ കൗൺസിൽ യോഗത്തിൽ നിന്നിറങ്ങിപ്പോയി. ഒരു മാസം മുമ്പ് ബഡ്ജറ്റ് യോഗത്തിന് ശേഷം കൂടിയ കൗൺസിൽ യോഗമാണ് ഏതാനും മിനിട്ടുകൾ കൊണ്ട് അവസാനിപ്പിച്ചത്. മേയ് 17നാണ് കോർപ്പറേഷൻ 62-ാം ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് വരുന്നത് മുൻകൂട്ടി കണ്ട് ഫയലുകൾ നീക്കാൻ മേയർക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാക്കളായ ആന്റണി കുരീത്തറ, എം.ജെ. അരിസ്‌റ്റോട്ടിൽ, വി.കെ. മിനിമോൾ, ദീപ്തി മേരി വർഗീസ് എന്നിവർ ആരോപിച്ചു. മേയറും സെക്രട്ടറിയും സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ജനുവരിയിൽ ടെൻഡർ പൂർത്തീകരിച്ച പദ്ധതികളുടെ പ്രവൃത്തികൾ പോലും തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവൃത്തികൾ മാത്രമേ പാസാക്കാനാകൂ. മറ്റ് പ്രവൃത്തികൾ അംഗീകരിക്കാൻ കളക്ടറുടെ അനുമതി തേടണമെന്ന് അവർ ആവശ്യപ്പെട്ടു. ഫിനാൻസ്, വികസനകാര്യ കമ്മിറ്റികളെല്ലാം മാറ്റിവച്ചിരുന്നു. ബ്രഹ്മപുരം യാർഡിൽ ഓഫിസ് കെട്ടിടം പണിയുന്നതിന്റെ ടെൻഡർ ഉൾപ്പെടെ പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുന്ന അജൻഡകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം മേയർക്ക് കത്ത് നൽകിയിരുന്നു.
അജൻഡയ്ക്ക് പ്രാധാന്യം നൽകാതെ നഗരം നേരിടുന്ന പ്രശ്നങ്ങൾ ചർച്ചയ്ക്ക് എടുക്കണമെന്നും അതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നുമുള്ള തങ്ങളുടെ നിർദേശം അംഗീകരിക്കാതെ കൗൺസിൽ യോഗത്തിൽ നിന്ന് മേയർ ഇറങ്ങിപ്പോകുകയാണ് ഉണ്ടായതെന്ന് ആന്റണി കുരീത്തറ ആരോപിച്ചു.

 അടിസ്ഥാനരഹിതമായ ആരോപണം: മേയർ

കൊച്ചി: വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിവിഷനിൽ പുതിയ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനോ പുതിയ പ്രഖ്യാപനങ്ങൾ നടത്താനോ നയപരമായ തീരുമാനമെടുക്കാനോ പാടില്ലെന്നാണ് നിബന്ധന. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയായ ഫയലുകൾ പോലും മാറ്റിവയ്ക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ കത്ത് നൽകിയ സാഹചര്യത്തിൽ അവരെ വിശ്വാസത്തിലെടുത്ത് അത്തരത്തിലുള്ള എല്ലാ അജൻഡകളും മാറ്റിവയ്ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുമ്പോൾ കൗൺസിൽ യോഗങ്ങളിൽ സാധാരണ ചർച്ചയും മറുപടിയും ഉണ്ടാകാറില്ല. എന്നാൽ മേയർ എന്ന നിലയിൽ ചർച്ചയ്ക്ക് തയ്യാറായെങ്കിലും ഉപതിരഞ്ഞെടുപ്പിന്റെ മര്യാദകൾ പാലിക്കണമെന്നും നേരത്തെ നടന്നത് പോലുള്ള നടപടിക്രമങ്ങൾ പിൻതുടരണമെന്നുമുള്ള യു.ഡി.എഫ്. കൗൺസിലർമാരുടെ ആവശ്യത്തെ ജനാധിപത്യപരമായി അംഗീകരിച്ചു കൊണ്ടാണ് യോഗം അവസാനിപ്പിച്ചത്.

ഏതെങ്കിലും ചോദ്യത്തിന് മറുപടി പറഞ്ഞാൽ പിന്നീട് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ മേയർ ലംഘിച്ചു എന്ന പരാതിയുമായി യു.ഡി.എഫ് പോകുമെന്ന് മനസ്സിലാക്കിയാണ് ഈ നിലപാട് സ്വീകരിച്ചതെന്നും മേയർ പറഞ്ഞു.