abi

പെരുമ്പാവൂർ: പുല്ലുവഴിയിൽ എം.സി റോഡരികിൽ നിറുത്തിയിട്ട തടിലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ച് സി.പി.ഐ പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി പെരുമ്പാവൂർ കാലടി റോഡ് കളരിക്കൽ അജിത്ത് (54), പുല്ലുവഴിയിൽ വാടകയ്ക്ക് താമസിക്കുന്ന തൊടുപുഴ കുമാരമംഗലം പെരുമ്പിള്ളിച്ചിറ ഇല്ലിക്കാത്തടത്തിൽ ബിമൽ (47) എന്നിവർ മരിച്ചു.

പുല്ലുവഴി പള്ളിക്കു സമീപം ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പെരുമ്പാവൂർ റൊവാന്റാ ഗ്രാഫ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ സ്ഥാപനത്തിന്റെ ഉടമയായ അജിത്തും വളയൻചിറങ്ങര പി.വി. പ്രിന്റേഴ്സിലെ ജീവനക്കാരനായ ബിമലും അജിത്തിന്റെ വസതിയിൽ ബിസിനസ് ചർച്ചകൾക്കുശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.

ഡോ. സോമസുന്ദരത്തിന്റെയും ഡോ. ശാന്തയുടെയും മകനാണ് അജിത്ത്. അനിതയാണ് ഭാര്യ. കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ്, കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി തന്മയ എന്നിവരാണ് മക്കൾ. സംസ്കാരം ഇന്നലെ വൈകിട്ട് ഒക്കൽ എസ്.എൻ.ഡി.പി.ശ്മശാനത്തിൽ നടത്തി.

ശ്രീജ (ഡെന്റ് കെയർ, മൂവാറ്റുപുഴ) യാണ് ബിമലിന്റെ ഭാര്യ. പ്ളസ് വൺ വിദ്യാർത്ഥി യസ്ബി നാരായൺ, ഒമ്പതാംക്ളാസ് വിദ്യാർത്ഥി എഫൽ കൃഷ്ണ എന്നിവരാണ് മക്കൾ. സംസ്‌കാരം ഇന്ന് രാവിലെ 9ന് കുമാരമംഗലം പെരുമ്പിള്ളിച്ചിറയിലെ വീട്ടുവളപ്പിൽ.