കൊച്ചി: കൊവിഡിൽ പ്ലമ്പിംഗ് പണിയില്ലാതായതോടെ ലഹരി വില്പനയിലേക്ക് തിരിഞ്ഞ യുവാവ് ഒടുവിൽ കഞ്ചാവുമായി അറസ്റ്റിലായി. തമ്മനം ചക്കരപ്പറമ്പിൽ തയ്ക്കൽ വീട്ടിൽ ബെൻസൻ ബെന്നി (30) ആണ് പിടിയിലായത്. വീട്ടിലെ സോഫാസെറ്റിക്ക് അടിയിലായി ഒളിപ്പിച്ച നിലയിൽ 2.180 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കൊവിഡിനെ തുടർന്ന് ഒരുവർഷത്തോളം ബെൻസന് ജോലിയില്ലായിരുന്നു. കൊച്ചി സിറ്റി പൊലീസ് ലഹരിമാഫിയയെ ഒതുക്കാൻ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് ബെൻസന്റെ കഞ്ചാവ് വില്പന കണ്ടെത്തിയത്. കൊച്ചി സിറ്റി ഡി.സി.പി വി.യു. കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം എ.സി.പി നിസാമുദ്ദീന്റെ നേതൃത്വത്തിൽ സി.ഐ സനൽ, എസ്.ഐമാരായ രതീഷ്, അഖിൽദേവ്, എസ്.സി.പി.ഒമാരായ രതീഷ്,വർഗീസ്, മാഹിൻ എന്നിവരുട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.