തൃക്കാക്കര: തൃക്കാക്കര നഗരസഭാ പ്രദേശത്ത് വഴിയോരക്കച്ചവടക്കാർ പെരുകുമ്പോഴും തെരുവ് കച്ചവടസമിതി പുന:സംഘടന തിരഞ്ഞെടുപ്പ് നടത്താതെ തൃക്കാക്കര നഗരസഭ. ജനുവരി 29 ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ നഗരസഭാ പ്രദേശത്ത് കൊവിഡ് വ്യാപനം പെരുകിയപ്പോൾ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഇതിനിടെ കുടുംബശ്രീ സി.ഡി.എസ് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് പലതവണ കൗൺസിൽ യോഗങ്ങൾ ചേർന്നെങ്കിലും ഈ വിഷയം കൗൺസിലിന്റെ അജൻഡയിൽപ്പോലും ഉൾപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല. തെരുവ് കച്ചവട സമിതിയിലേക്ക് ഇടത് ട്രേഡ് യൂണിയനുകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പേരുവിവരങ്ങൾ സമർപ്പിക്കുകയും ചട്ടപ്രകാരം 1000 രൂപവീതം നഗരസഭയിൽ കെട്ടിവയ്ക്കുകയും ചെയ്തിട്ട് മാസം നാലായി. യു.ഡി.എഫ് ട്രേഡ് യൂണിയനുകൾ ലിസ്റ്റ് നൽകാത്തതാണ് ഭരണ സമതി ഈ വിഷയത്തിൽ തീരുമാനമെടുക്കാത്തതെന്നാണ് ഇടത് ട്രേഡ് യുണിയൻ നേതാക്കളുടെ ആരോപണം. ഇതുവരെ യു.ഡി.എഫ് ട്രേഡ് യൂണിയനുകൾ വഴിയോരക്കച്ചവടക്കാരുടെ ട്രേഡ് യൂണിയൻ രൂപീകരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ഒന്നരമാസമായി യൂണിയൻ മെമ്പർഷിപ്പ് പ്രവർത്തനം സജീവമായി നടക്കുന്നതായി നേതാക്കൾ പറഞ്ഞു.