പറവൂർ: സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഭൗമദിനത്തോടനുബന്ധിച്ച് കോട്ടുവള്ളി കൃഷിഭവൻ വിദ്യാർത്ഥികൾക്കായി പ്ലാസ്റ്റിക്ക് ശേഖരണം, സെൽഫി മത്സരം എന്നിവ സംഘടിപ്പിച്ചു. വീട്ടിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി റീസൈക്കിൾ ചെയ്യാൻ വിധത്തിൽ ഇളംതലമുറക്കാരെ മുന്നോട്ടുവരുത്തുക, മാലിന്യസംസ്കരണത്തിന്റെ പാഠങ്ങൾ ജീവിതത്തിൽ പിന്തുടരാൻ പ്രേരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മത്സരത്തിൽ പങ്കെടുത്ത വിദ്യാത്ഥികൾ വീടുകളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് വൃത്തിയാക്കി മൊബൈലിൽ സെൽഫി എടുത്ത ശേഷം ശേഖരിച്ച പ്ലാസ്റ്റിക്കുകൾ കോട്ടുവള്ളി കൃഷിഭവനിലെ കളക്ഷൻ സെന്ററിൽ എത്തിച്ചു. പ്ലാസ്റ്റിക്കുകൾ കോട്ടുവള്ളി കൃഷിഭവനിലെ കളക്ഷൻ സെന്ററിൽനിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഏറ്റുവാങ്ങിയ ശേഷം കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ സമ്മാനിച്ചു. സെബാസ്റ്റ്യൻ തോമസ്, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ. ഷിനു ,ലീമ ആന്റണി തുടങ്ങിയവർ പങ്കെടുത്തു. ഭൗമദിനത്തിൽ സെൽഫി മത്സരത്തിൽ വിജയികൾക്ക് ജില്ലാകളക്ടർ സമ്മാനദാനം നിർവഹിക്കും.