മൂവാറ്റുപുഴ: കാലിത്തീറ്റയുടെ അനിയന്ത്രിതമായ വിലക്കയറ്റം മൂലം കേരളത്തിലെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്നും കർഷക താത്പര്യങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ മൂവാറ്റുപുഴയിൽ ക്ഷീര കർഷകരുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും മിൽമ മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. മേയ് ആദ്യവാരം മൂവാറ്റുപുഴയിൽ ആപ്‌കോസ് അസോസിയേഷന്റെ നേതൃത്വത്തിൽ കർഷകറാലിയും പ്രതിഷേധ സംഗമവും നടത്തും. ക്ഷീരവകുപ്പ് നടത്തുന്ന ക്ഷീര സംഗമ മാമാങ്കങ്ങൾ ബഹിഷ്‌കരിക്കും. പാൽ വില 10 രൂപ വർദ്ധിപ്പിക്കുക, കാലിത്തീറ്റയ്ക്ക് സർക്കാർ സബ്‌സിഡി ഏർപ്പെടുത്തുക, തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള പാൽവില ഇൻസന്റീവിന് സർക്കാർ ഫണ്ട് അനുവദിക്കുക, ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്. സർക്കിൾ സഹകരണ യൂണിയൻ അംഗം അബ്രഹാം തൃക്കളത്തൂർ, ആപ്‌കോസ് അസോസിയേഷൻ പ്രസിഡന്റ് സി.എ. അബ്രഹാം, ഷാജി കല്ലൂർക്കാട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.