തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ ഫണ്ട് ചെലവഴിക്കുന്നതിൽ അലംഭാവം കാട്ടിയതായി ആരോപണം. 2020 - 21 സാമ്പത്തികവർഷത്തിലെ എസ്.സി പ്ലാൻ ഫണ്ടിൽ നിന്ന് 59,20,000 രൂപയും ജനറൽ പ്ലാൻ ഫണ്ടിലെ 60 ലക്ഷം രൂപയും വിതരണം ചെയ്യാതെ തൃക്കാക്കര നഗരസഭ പാഴാക്കിയതായാണ് ആരോപണം. എസ്.സി വിഭാഗത്തിൽപ്പെട്ടവരുടെ വീടിന്റെ അറ്റകുറ്റപ്പണികൾക്കും വിദ്യാർത്ഥികളുടെ പഠനമുറി തയ്യാറാക്കുന്നതിനും ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിനും ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന ഉപകരണങ്ങളുടെ വിതരണത്തിനും വേണ്ടിയാണ് 2,68,28000 രൂപ എസ്.സി പ്ലാൻ ഫണ്ടായി അനുവദിച്ചത്. പൊതുഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ച വാരിക്കോരിച്ചിറയുടെ പുനരുദ്ധാരണം നടപ്പിലാക്കാതെ പോയതും നഗരസഭയ്ക്ക് വിനയായി. പാഴായ എസ്.സി പ്ലാൻ ഫണ്ടിലെ മൂന്നിരട്ടിയും ജനറൽ പ്ലാൻ ഫണ്ടിലെ രണ്ടിരട്ടിയും കുറവായിരിക്കും അടുത്ത സാമ്പത്തികവർഷത്തിൽ ലഭിക്കുക. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എസ്.സി ഫണ്ടിൽനിന്ന് അനുവദിച്ച 99ശതമാനം തുകയും വിതരണം പൂർത്തീകരിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു പറഞ്ഞു.