ഫോർട്ടുകൊച്ചി: ആർ.ഡി ഓഫിസിൽ കെട്ടിക്കിടക്കുന്ന ഭൂമി തരംമാറ്റൽ അപേക്ഷകളിൽ അതിവേഗം തീർപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന ഫയൽ അദാലത്ത് വിജയം കാണുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ തീർപ്പാക്കിയത് നാലായിരത്തോളം അപേക്ഷകളാണ്. കഴിഞ്ഞ മൂന്ന് വർഷക്കാലമായി 13000ത്തോളം അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് ആറുമാസം കൊണ്ട് നാലായിരത്തോളം അപേക്ഷകളിൽ തീർപ്പാക്കിയത്. അദാലത്ത് ആരംഭിച്ചതിന് ശേഷമാണ് കൂടുതൽ ഫയലുകളിലും തീർപ്പാക്കാനായത്. നാല് തവണയായി അദാലത്ത് സംഘടിപ്പിച്ചിരുന്നു. തുടർന്നും അദാലത്ത് വഴി പ്രശ്നപരിഹാരമുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സബ് കലക്ടർ പി.വിഷ്ണുരാജും സഹപ്രവർത്തകരും. പരിമിതമായ സൗകര്യങ്ങളിലും ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്താണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതിനിടയിൽ റിപ്പോർട്ട് ആവശ്യമുള്ള ഫയലുകൾ അതത് ഓഫിസുകളിലേക്ക് അയച്ച് അവ പരിഹരിച്ച് തിരികെ എത്തിക്കുന്ന ജോലിയും നടക്കുന്നുണ്ട്.

ഇതിനിടെ അദാലത്ത് തകർക്കാൻ ഏജന്റുമാരുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. നിലവിൽ ഏജന്റുമാർക്ക് ഓഫിസിൽ കയറാൻ കഴിയാത്ത സാഹചര്യമാണ്. നേരത്തേ ഓഫിസിൽ അഞ്ചും പത്തും ഫയലുകളുമായി എത്തി കാര്യം കണ്ട് പോകുന്നത് വലിയ ആക്ഷേപത്തിനിടയാക്കിയിരുന്നു. അദാലത്ത് സംഘടിപ്പിക്കുമ്പോൾ വേണ്ടത്ര സൗകര്യം ഒരുക്കാൻ കഴിയാത്തതും വലിയ പ്രതിഷേധങ്ങൾ ക്ഷണിച്ച് വരുത്തുന്നുണ്ട്. ഇതുകൂടി പരിഹരിക്കപ്പെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അദാലത്ത് സമയത്ത് അപേക്ഷകൻ ഇല്ലെങ്കിൽ കൂടി നടപടിക്രമങ്ങൾ കൃത്യമായി നടപ്പാക്കുമെന്ന് സബ് കലക്ടർ വ്യക്തമാക്കി.