ആലങ്ങാട്: കരുമാല്ലൂർ മാഞ്ഞാലി മാട്ടുപുറത്ത് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തെയും സഹോദരനെയും ലഹരിമാഫിയാസംഘം വീട്ടിൽ അതിക്രമിച്ചുകയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിയായതിനെത്തുടർന്ന് അച്ചടക്കനടപടി നേരിട്ട എസ്.എഫ്.ഐ നേതാവ് അഖിൽ ആനന്ദിനെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തു.
സി.പി.എം മാട്ടുപുറം ബ്രാഞ്ച് കമ്മിറ്റി അംഗം മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് നവാസ്, സഹോദരൻ എന്നിവരെയാണ് കഴിഞ്ഞ ജനുവരി 29ന് രാത്രി ആറംഗസംഘം വീടിന്റെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകയറി ആക്രമിച്ചത്. തലയ്ക്കും കൈയിലും വെട്ടേറ്റ ഷാനവാസ് ഏറെ നാളത്തെ ചികിത്സയ്ക്കുശേഷവും ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ല. ഷാനവാസും അക്രമിസംഘാംഗങ്ങളും തമ്മിൽ മന്നത്തെ ഹോട്ടലിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ അക്രമികൾക്ക് ഇവരുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും നിരന്തരം സമ്പർക്കം പുലർത്തുകയും ചെയ്‌തെന്ന് കണ്ടെത്തിയ എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗമായ അഖിൽ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ റിമാൻഡിലായി മണിക്കൂറുകൾക്കുള്ളിൽ അടിയന്തരയോഗം ചേർന്ന് അച്ചടക്ക നടപടിയെടുത്ത അഖിലിനെ ഇന്നലത്തെ സമ്മേളനത്തിലാണ് തിരികെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.