kpdy
കുറുപ്പംപടി ടൗണിലെ ഗതാഗത കുരുക്ക്.

കുറുപ്പംപടി: ഗതാഗത ക്രമീകരണങ്ങളാേ നൂതന പരിഷ്കാരങ്ങളാേ നിയന്ത്രണങ്ങളോ ഇല്ലാത്ത കുറുപ്പംപടി ടൗൺ ഓരോദിവസവും തിങ്ങിഞെരുങ്ങി നീങ്ങുകയാണ്. ദിവസവും ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർ ടൗൺ മറികടക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. കുറുപ്പംപടിയിലെ ജനപ്രതിനിധികളോ പാെലീസാേ ഇക്കാര്യത്തിൽ യാതൊരുവിധ നടപടിയും എടുക്കുന്നില്ല. പള്ളിക്കവല മുതൽ തിയേറ്റർ ജംഗ്ഷൻ വരെയുള്ള 1.5കിലോമീറ്റർദൂരം പകൽസമയം മിക്കവാറും നിശ്ചലമാണ്.

കീഴില്ലം ഭാഗത്തുനിന്ന് കുറിച്ചിലക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ ആലുവ - മൂന്നാർ റോഡ് മുറിച്ച് കടക്കുമ്പോൾ പ്രധാന ജംഗ്ഷനിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു. കോട്ടപ്പടി, കൊമ്പനാട്, പാണിയേലി, മേക്കപ്പാല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പള്ളിക്കവലയിൽ എ.എം റോഡിലേക്ക് കടക്കുന്നതും നിയന്ത്രണങ്ങൾ ഒന്നുമില്ലാതെയാണ്. ഈ ഭാഗംകുണ്ടും കുഴിയും നിറഞ്ഞതുകൂടിയായതിനാൽ റോഡിൽ വലിയതിരക്ക് അനുഭവപ്പെടുന്നു. ആശുപത്രി ജംഗ്ഷനിൽ ഇത്തരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കൂടാതെ ടൗണിലുള്ള പ്രമുഖ ബാങ്കുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും വരുന്ന വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്തുപോകുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.

ടൗണിന്റെ കിഴക്കുവശത്ത് ബാങ്കിന്റെ മുന്നിൽ അനധികൃതമായി വഴിയോരക്കച്ചവടം നടത്തുന്ന വാഹനങ്ങളും ഗതാഗതതടസമുണ്ടാക്കുന്നതിൽ പങ്കുവഹിക്കുന്നു. സ്റ്റാൻഡിലേക്ക് വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങൾക്ക് മാർഗതടസമായി നിൽക്കുകയാണ് ഇത്തരം അനധികൃത കച്ചവടങ്ങൾ.

വൺവേ സംവിധാനങ്ങൾ ഏർപ്പെടുത്തിയും പൊലീസ് കാര്യക്ഷമമായി ഇടപെട്ടും അനധികൃതമായ പാർക്കിംഗ് അവസാനിപ്പിക്കാൻ നടപടി സ്വീകരിച്ച് ഗതാഗത സംവിധാനം സുഗമമാക്കണമെന്നാണ് ആവശ്യം.