മൂവാറ്റുപുഴ: കിണറുപടി - ഹെൽത്ത് സെന്റർ റോഡിലൂടെയുള്ള യാത്ര തീർത്തും ദുരിതമായി. പായിപ്ര ഗ്രാമപഞ്ചായത്തിലെ ഒന്ന്, ഇരുപത്തിരണ്ട് വാർഡുകളിലൂടെ പോകുന്ന ഒരു കിലോമീറ്ററോളം വരുന്ന റോഡാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. ഇതിലൂടെ വാഹനയാത്രയും കാൽനടയാത്രയും ദുരിതമായിരിക്കുകയാണ്. ചെറുവട്ടൂർ- പായിപ്ര റോഡിലെ കിണറുപടിയിൽ നിന്നാരംഭിച്ച് സൊസൈറ്റിപ്പടി- തൃക്കളത്തൂർ റോഡിലേക്ക് എത്തിച്ചേരുന്നതാണ് ഹെൽത്ത് സെന്റർ - കിണറുപടി റോഡ്. ഹെൽത്ത് സെന്റർവരെ 1, 22 വാർഡുകളുടെ അതിര് തിരിക്കുന്നതും ഹെൽത്ത് സെന്റർ കഴിഞ്ഞാൽ 22-ാം വാർഡിലൂടെ മാത്രം പോകുന്നതുമായ റോഡ് നവീകരിച്ചിട്ട് വർഷങ്ങളായി. വേനൽമഴ പെയ്തതോടെ വെള്ളക്കെട്ടും ചെളിയും രൂപപ്പെട്ടതിനാൽ വാഹന, കാൽനട യാത്രക്കാർ ഭീതിയിലാണ്.
ഹെൽത്ത് സെന്ററിലിലേക്ക് കുട്ടികളെ കുത്തിവയ്ക്കുന്നതിനുൾപ്പെടെ നിരവധി വീട്ടമ്മമാർക്ക് ആരോഗ്യപ്രവർത്തകർക്കും പോകേണ്ട റോഡാണ് കുണ്ടുംകുഴിയുമായി തകർന്ന് കിടക്കുന്നത്. തൃക്കളത്തൂർ ഗവണ്മെന്റ് ആശുപത്രിയിലേക്കുള്ള റോഡുകൂടിയാണിത്. റോഡിന് സമീപത്തായി പ്രവർത്തിക്കുന്ന നഴ്സറി സ്ക്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനും വീട്ടമ്മമാർ ബുദ്ധിമുട്ടുകയാണ്. ഓട്ടോറിക്ഷകൾപോലും ഇതിലൂടെ വരാത്ത അവസ്ഥയാണ്.
സമീപ പ്രദേശത്തെ മറ്റ് റോഡുകളെല്ലാം നവീകരണ പ്രവർത്തനം പൂർത്തിയാക്കിയിട്ടും നിരവധിയാളുകൾ ഉപയോഗിക്കുന്ന കിണറുപടി -ഹെൽത്ത് സെന്റർ റോഡിനോട് പഞ്ചായത്ത് അധികൃതർ അവഗണന തുടരുകയാണ്. അടിയന്തരമായി റോഡ് നവീകരണം പൂർത്തിയാക്കി ജനങ്ങളുടെ ദുരിതയാത്രക്ക് പരിഹാരം കാണണമെന്ന് പായിപ്ര സഹകരണ ബാങ്ക് ഡയറക്ടർ പി.എ. ബിജു പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.