pinarai

"എല്ലാത്തരം വർഗീയതയും ആപത്കരമാണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ‌്പര പൂരകമാണ്. അവ അന്യോന്യം സഹായിക്കും. എന്നാൽ ന്യൂനപക്ഷ വർഗീയതയെക്കാൾ ആപത്കരമാണ് ഭൂരിപക്ഷ വർഗീയത." എന്നു പറയുന്നത് മുതിർന്ന മാർക്‌സിസ്‌റ്റ് നേതാവും മന്ത്രിയുമായ എം.വി. ഗോവിന്ദൻ മാസ്റ്ററാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടിനും പി. ഗോവിന്ദപ്പിള്ളക്കും ശേഷം മാർക്‌സിസ്‌റ്റ് പാർട്ടിയിലുള്ള ഒരു സൈദ്ധാന്തികനാണ് മാസ്റ്റർ. അദ്ദേഹം മാർക്സിസം - ലെനിനിസത്തിൽ നല്ല അവഗാഹമുള്ളയാളാണ്. കാര്യങ്ങൾ തികഞ്ഞ വ്യക്തതയോടു കൂടി മാത്രം സംസാരിക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയും പ്രാധാന്യവുമുണ്ട്. കൂടുതൽ പരിഗണന അർഹിക്കുന്നുമുണ്ട്. ഈ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെ ഇടതുമുന്നണി കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ഇ.പി. ജയരാജൻ മുസ്ളിം ലീഗിനെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്തു. ലീഗ് തത്കാലം ക്ഷണം സ്വീകരിച്ചിട്ടില്ല. എന്നു കരുതി ഇനിയൊരിക്കലും സ്വീകരിക്കില്ലെന്നു കരുതാനും വയ്യ.

ഒരുകാലത്ത് ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികളെന്ന് മുദ്ര‌യടിക്കപ്പെട്ട് പതിത്വം കല്പിക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു മുസ്ളിംലീഗ്. 1957 ൽ സോഷ്യലിസ്റ്റുകാരാണ് അവരോട് ആദ്യം കൂട്ടുചേർന്നത്. 1960 ആവുമ്പോഴേക്കും കോൺഗ്രസിനും തൊട്ടുകൂടായ്മ ഇല്ലാതായി. 1965 ൽ സി.പി.എമ്മുമായി നീക്കുപോക്കായി. 1967 ൽ സപ്തകക്ഷി മുന്നണിയുടെ ഭാഗമായെന്നു മാത്രമല്ല, മന്ത്രിസഭയിലും രണ്ടു ലീഗുകാരുണ്ടായി. 1969 ൽ ആ മുന്നണി തകർന്നു. കുറച്ചു കാലത്തേക്ക് ലീഗും സി.പി.എമ്മും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. 1974 -75 കാലത്ത് മുസ്ളിം ലീഗ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ വിമതലീഗുകാർ മാർക്‌സിസ്റ്റ് പാളയത്തിൽ തമ്പടിച്ചു. 1980 ലെ ആദ്യ നായനാർ മന്ത്രിസഭയിൽ പി.എം. അബൂബക്കർ മരാമത്ത് മന്ത്രിയായി. അഖിലേന്ത്യാ മുസ്ളിം ലീഗ് ഇടതുമുന്നണിയിൽ നിന്നു പിരിഞ്ഞുപോവുകയും ഷാ ബാനു കേസിനെത്തുടർന്ന് സംസ്ഥാനത്തും രാജ്യത്തും സാമുദായിക ചേരിതിരിവ് ശക്തിപ്രാപിക്കുകയും ചെയ്ത സാഹചര്യത്തിൽ 1985 -86 കാലത്താണ് മാർക്സിസ്റ്റ് പാർട്ടി വർഗീയതയെക്കുറിച്ചുള്ള സമീപനം പുനർവിചിന്തനത്തിന് വിധേയമാക്കിയതും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ ആപത്കരമാണെന്ന നിലപാടിലെത്തിയതും. ഭൂരിപക്ഷ വർഗീയത കൂടുതൽ ആപത്കരമാണെന്നും ഹിന്ദുത്വശക്തികളെ തോൽപിക്കാൻ മുസ്ളിംലീഗ് അടക്കമുള്ള സാമുദായിക പാർട്ടികളോടു യോജിക്കണമെന്നും അഭിപ്രായമുള്ളവർ അക്കാലത്തും പാർട്ടിയിലുണ്ടായിരുന്നു. 1985 നവംബർ 20 മുതൽ 24 വരെ എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ എം.വി. രാഘവൻ ബദൽരേഖ അവതരിപ്പിച്ചു. ഇ.കെ. നായനാരും ഇമ്പിച്ചിബാവയും പി.വി. കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും ശിവദാസമേനോനും ദക്ഷിണാമൂർത്തിയുമൊക്കെ അതിനെ പിന്തുണച്ചു. എന്നാൽ ഇ.എം.എസും ബാലാനന്ദനും അച്യുതാനന്ദനും സംഘവും ബദൽരേഖയെ തീരഞ്ചും എതിർത്തു. സംസ്ഥാന സമ്മേളനം രേഖ വോട്ടിനിട്ടു തള്ളി. അതേവർഷം ഡിസംബർ 25 മുതൽ 29 വരെ കൽക്കട്ടയിൽ നടന്ന 12 -ാം പാർട്ടി കോൺഗ്രസിലും ബദൽരേഖ ചർച്ചാ വിഷയമായി. പാർട്ടി കോൺഗ്രസും അതംഗീകരിച്ചില്ല. തൊട്ടുപിന്നാലെ

രാഘവനും കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടു. നായനാരും മറ്റുള്ളവരും തെറ്റ് ഏറ്റുപറഞ്ഞ് പാർട്ടിയിൽ തുടർന്നു. അങ്ങനെയൊരു സൈദ്ധാന്തിക നിലപാടു കൈക്കൊണ്ടതിന്റെ ഗുണം 1987 മാർച്ചിലെ തിരഞ്ഞെടുപ്പിൽ കണ്ടു. മുസ്ളിം ലീഗും കേരള കോൺഗ്രസുമില്ലാതെ ഇടതുപക്ഷം വമ്പിച്ച വിജയം നേടി. ബദൽരേഖയുടെ സൂത്രധാരനായിരുന്ന ഇ.കെ. നായനാർ രണ്ടാമതും മുഖ്യമന്ത്രിയായി. 1991 ൽ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെത്തുടർന്ന് ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ് യു.ഡി.എഫ് വിട്ടു. ഇടതുമുന്നണിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ മുസ്ളിം ലീഗ് വർഗീയ കക്ഷിയാണെന്നും അവരെ മുന്നണിയിലെടുക്കുന്ന പ്രശ്നമില്ലെന്നും ഇ.എം.എസ് ശഠിച്ചു. ഗതികെട്ട ലീഗ് യു.ഡി.എഫിലേക്ക് തിരിച്ചുപോയി. അതേസമയം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ ചില ഉപാധികളോടെ മുന്നണിയിൽ പ്രവേശിപ്പിക്കാനും സി.പി.എം തയ്യാറായി. ഇ.എം.എസിന്റെ മരണശേഷം 1998 - 99 കാലത്ത് ലീഗ് ബാന്ധവം വീണ്ടും ചർച്ചയായി. 1999 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2000 ലെ പഞ്ചായത്ത് - മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളിലും ലീഗും മാർക്‌സിസ്‌റ്റ് പാർട്ടിയും തമ്മിൽ 'അടവുനയം' എന്നറിയപ്പെട്ട നീക്കുപോക്കുണ്ടായി. പക്ഷേ അതു ഇരുപാർട്ടികൾക്കും ഗുണകരമായില്ല. മാർക്‌സിസ്‌റ്റ് പാർട്ടിയിൽ വി.എസ്. അച്യുതാനന്ദനും മുസ്ളിം ലീഗിൽ ഇ. അഹമ്മദ്, എം.കെ. മുനീർ എന്നിവരും ഇത്തരം അവിശുദ്ധ ബന്ധത്തെ ശക്തമായി എതിർത്തു.
നാദാപുരത്ത് പൊട്ടിപ്പുറപ്പെട്ട ലീഗ് - മാർക്‌സിസ്‌റ്റ് സംഘട്ടനങ്ങൾ ഇരുപാർട്ടികളും തമ്മിൽ യോജിപ്പിനുണ്ടായിരുന്ന സാദ്ധ്യത പൂർണമായും അടച്ചു.

ബാബറി മസ്ജിദ് തകർച്ചയ്ക്കുശേഷം 1993 ൽ ഇബ്രാഹിം സുലൈമാൻ സേട്ട് രൂപീകരിച്ച ഇന്ത്യൻ നാഷണൽ ലീഗ് ഇടതുമുന്നണിയുടെ പടിപ്പുരയിലും കോലായിലുമായി കാൽനൂറ്റാണ്ടിലധികം കഴിഞ്ഞുകൂടി. അവർക്ക് മുന്നണിയിൽ പൂർണഅംഗത്വം നൽകിയത് ഈയടുത്ത കാലത്താണ് ; മന്ത്രിസ്ഥാനം കൊടുത്തത് 2021 ലെ രണ്ടാംപിണറായി സർക്കാരിൽ മാത്രവും. അപ്പോഴും യൂണിയൻ ലീഗ് വർഗീയം നാഷണൽലീഗ് മതേതരം എന്ന കാഴ‌്ചപ്പാടാണ് പാർട്ടിയിലെ സൈദ്ധാന്തികന്മാർ പുലർത്തിയിരുന്നത്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അബ്ദുൾ നാസർ മഅ്ദനിയുടെ പി.ഡി.പിയുമായി മാർക്‌സിസ്റ്റ് പാർട്ടി നീക്കുപോക്കുണ്ടാക്കി. അതും കനത്ത തിരിച്ചടിയിലാണ് കലാശിച്ചത്. ജോസഫ് ഗ്രൂപ്പ് ഇടക്കാലത്ത് ഇടതുമുന്നണി വിട്ട് മാതൃപേടകത്തിലേക്ക് മടങ്ങിയെങ്കിലും കേരള കോൺഗ്രസിനോടു പൊതുവേ മാർക്‌സിസ്റ്റ് പാർട്ടിക്ക് തൊട്ടുകൂടായ്‌മയില്ല. ആദ്യം പിള്ള ഗ്രൂപ്പിനെയും പിന്നീട് ജനാധിപത്യ കേരള കോൺഗ്രസിനെയും ഏറ്റവുമൊടുവിൽ ജോസ് മാണി ഗ്രൂപ്പിനെത്തന്നെയും വെള്ളയും കരിമ്പടവും വിരിച്ച് മുന്നണിയിൽ കൊണ്ടുവന്നു. അവർക്കൊക്കെ അർഹിക്കുന്ന പ്രാധാന്യവും പ്രാതിനിധ്യവും നൽകി. അപ്പോഴും മുസ്ളിം ലീഗ് തൊട്ടുകൂടാത്ത, തീണ്ടിക്കൂടാത്ത പാർട്ടിയാക്കി മാറ്റിനിറുത്തി. അതേസമയം ലീഗിൽനിന്ന് തെറ്റിപ്പിരിഞ്ഞു വന്ന കെ.ടി. ജലീലിനെയും മറ്റും ആനപ്പുറത്തു എഴുന്നള്ളിച്ചുകൊണ്ടു നടക്കുകയും അർഹിക്കുന്നതിലധികം പ്രാധാന്യം നൽകി മുന്നണിയുടെ ന്യൂനപക്ഷ മുഖമാക്കി അവതരിപ്പിക്കുകയും ചെയ്തു.

1985 നുശേഷം നാളിതുവരെയും ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകൾ തമ്മിൽ തരംതിരിക്കാനോ ഒന്നു മറ്റൊന്നിനേക്കാൾ ആപത്കരമാണെന്ന് സിദ്ധാന്തിക്കാനോ പാർട്ടി തയ്യാറായില്ല. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലോ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പോലുമോ ഇത്തരം യാതൊരു വേർതിരിവും ഉണ്ടായതായി അറിവില്ല. പാർട്ടി കോൺഗ്രസ് പാസാക്കിയ രാഷ്ട്രീയ പ്രമേയത്തിൽ എന്തുതന്നെ പറഞ്ഞാലും മുസ്ളിം ലീഗിനെക്കൂടി ഇടതു മുന്നണിയിലേക്ക് കൊണ്ടുവരാനും അങ്ങനെ ഐക്യജനാധിപത്യ മുന്നണിയുടെ അടിത്തറ തകർക്കാനും മാർക്‌സിസ്‌റ്റ് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കളെങ്കിലും ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തം. മുസ്ളിം ലീഗിലും അതൃപ്തി പുകയുന്നുണ്ട്. അഞ്ചു വർഷം പ്രതിപക്ഷത്തിരിക്കുന്നതു പോലെയല്ല പത്തുകൊല്ലം അധികാരമില്ലാതിരുന്നാലുള്ള അവസ്ഥ. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം ഉപേക്ഷിച്ച് നിയമസഭയിലേക്ക് തിരിച്ചവരാനും ഉപമുഖ്യമന്ത്രിയാകാനും മോഹിച്ചതുകൊണ്ടാണ് പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയായതെന്ന മുറുമുറുപ്പ് മുസ്ളിംലീഗിലെ പല നേതാക്കൾക്കുമുണ്ട്. അടുത്തഘട്ടത്തിൽ അവരത് ഉറക്കെപ്പറയാനും മടിക്കില്ല. ജമാ അത്തെ ഇസ്ളാമി, പോപ്പുലർ ഫ്രണ്ട് മുതലായ മതമൗലിക - മതതീവ്രവാദ സംഘടനകളും ലീഗിനെ ദുർബലമാക്കാനും അതുവഴി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അധികാരമുണ്ടായിരുന്നപ്പോൾ ലീഗിന് ഇവരെ നിഷ്പ്രയാസം പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ അതത്ര എളുപ്പമല്ല. നിരാശരായ കുറേ ചെറുപ്പക്കാരെങ്കിലും മതമൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും പിന്നാലെ പോകാൻ സാദ്ധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ഗോവിന്ദൻമാസ്റ്ററുടെ സൈദ്ധാന്തിക വിശകലനത്തെയും ഇ.പി. ജയരാജന്റെ ക്ഷണത്തെയും പരിശോധിക്കേണ്ടത്.

ന്യൂനപക്ഷ വർഗീയതയെക്കാൾ ഭയാനകമാണ് ഭൂരിപക്ഷ വർഗീയതയെന്ന ഗോവിന്ദൻ മാസ്റ്ററുടെ വിശകലനം ചരിത്രപരമായും സൈദ്ധാന്തികമായും ശരിയാണ്. ഇരുവർഗീയതകളും പരസ്‌പരം പോഷിപ്പിക്കുന്നുവെന്ന നിലപാടും ശരിതന്നെയാണ്. 1985 -86 ൽ നിന്ന് ദേശീയ രാഷ്ട്രീയം വല്ലാതെ മാറിയിരിക്കുന്നു. അന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ. ബി.ജെ.പി പാർലമെന്റിന്റെ ഒരു മൂലയിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ സാഹചര്യം തികച്ചും വ്യത്യസ്‌തമാണ്. ബി.ജെ.പിക്ക് ലോക്‌സഭയിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷമുണ്ട്. രാജ്യസഭയിലും അവരുടെ സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലും ബി.ജെ.പി സർക്കാരുകളാണുള്ളത്. ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽപോലും കേന്ദ്ര സർക്കാരിനോട് ഏറ്റുമുട്ടാൻ ആഗ്രഹമില്ലാത്ത പാർട്ടികളാണ് ഭരിക്കുന്നത്. കോൺഗ്രസിന്റെ നില പരുങ്ങലിലാണ്. പാർട്ടിക്ക് ഇച്‌ഛാശക്തിയുള്ള നേതൃത്വം ഇല്ലാതായിരിക്കുന്നു. സംഘടനാ സംവിധാനം തികച്ചും ദുർബലമാണ്. ഇടതുപക്ഷത്തിന്റെ കാര്യം അതിനെക്കാൾ പരിതാപകരമാണ്. ഇപ്പോൾ ഈ കൊച്ചു സംസ്ഥാനത്തു മാത്രമേ ഭരണമുള്ളൂ. കോൺഗ്രസിനോടും മതമൗലിക വാദികളോടും കൂട്ടുചേർന്ന് മത്സരിച്ചിട്ടു പോലും പശ്ചിമ ബംഗാളിൽ മാർക്സിസ്റ്റ് പാർട്ടിക്കോ ഇടതുപക്ഷ കക്ഷികൾക്കോ ഒരു സീറ്റെങ്കിലും ജയിക്കാനായില്ല. നാലേ നാലുപേർക്കാണ് രണ്ടാംസ്ഥാനത്തെങ്കിലും എത്താൻ കഴിഞ്ഞത്. മിക്കവാറും സ്ഥാനാർത്ഥികൾക്കു ജാമ്യസംഖ്യ നഷ്ടപ്പെട്ടു. ഒരുകാലത്ത് ഇടതുപക്ഷ പാർട്ടികൾ ശക്തമായിരുന്ന ബീഹാറിലും ആന്ധ്രയിലും തെലുങ്കാനയിലും സ്ഥിതി വ്യത്യസ്തമല്ല. പഞ്ചാബിലെയും മഹാരാഷ്ട്രയിലെയും കാര്യം പറയാനുമില്ല. ഇങ്ങനെയൊരു ചരിത്ര മുഹൂർത്തത്തിൽ സൈദ്ധാന്തിക നിലപാടുകൾ പുന:പരിശോധിക്കേണ്ടതും ശാക്തികചേരികളിൽ മാറ്റം വരുത്തേണ്ടതും അനിവാര്യമാണ്.

മുസ്ളിം ലീഗിന് ഐക്യജനാധിപത്യ മുന്നണിയിലുള്ള പ്രാമുഖ്യമോ പ്രാധാന്യമോ ഇടതുമുന്നണിയിൽ ലഭിക്കില്ലെന്നതു നിസ്തർക്കമാണ്. എങ്കിലും അധികാരത്തിൽ തിരിച്ചെത്താനും സമുദായത്തിൽ നഷ്ടപ്പെട്ടുപോയേക്കാവുന്ന മേധാവിത്വം വീണ്ടെടുക്കാനും മാർക്‌സിസ്‌റ്റ് ബാന്ധവം സഹായിച്ചേക്കാം. കേരള കോൺഗ്രസുകാരോളം മാർക്‌സിസ്റ്റ് വിരുദ്ധരല്ല മുസ്ളിം ലീഗുകാർ. മലപ്പുറം ജില്ലയിലും മറ്റും ലീഗ് അണികൾക്ക് കോൺഗ്രസിനോടുള്ളത്രയും വിദ്വേഷം മാർക്‌സിസ്‌റ്റ് പാർട്ടിയോടില്ല. അതുകൊണ്ടുതന്നെ ഇരുപാർട്ടികളുടെയും യോജിപ്പിന് മറ്റു തടസങ്ങളൊന്നുമില്ല. ജോസ്. കെ. മാണി ഗ്രൂപ്പിനു പിന്നാലെ മുസ്ളിം ലീഗു കൂടി ഐക്യമുന്നണി വിട്ടുപോയാൽ കോൺഗ്രസിന്റെ കാര്യം പരിതാപകരമാവും. ഇപ്പോൾത്തന്നെ ഗ്രൂപ്പു വഴക്കും സംഘടനാ ശൈഥില്യവും മൂലം ഉഴലുന്ന പാർട്ടി കൂടുതൽ ദുർബലമാകും. കുന്നംകുളത്തിന് വടക്കോട്ട് ഒരൊറ്റ കോൺഗ്രസുകാരനും ജയിക്കില്ല. തെക്കോട്ടും അധികം പേരൊന്നും ജയിച്ചെന്നു വരില്ല. ഏറെക്കുറേ 1967 ലെ അവസ്ഥയിൽ പാർട്ടി എത്തിച്ചേരാനും മതി. അന്നു പക്ഷേ കേന്ദ്രത്തിൽ ഭരണവും ഇന്ദിരാഗാന്ധിയുമുണ്ടായിരുന്നു. കെ. കരുണാകരനെപ്പോലൊരു ചാണക്യൻ ഇവിടെയുമുണ്ടായിരുന്നു. ഇന്നിപ്പോൾ ആ അനുകൂലഘടകങ്ങളൊന്നും പാർട്ടിക്കില്ല. കോൺഗ്രസ് കൂടുതൽ ശിഥിലവും ദുർബലവുമാകാനാണ് സാദ്ധ്യത. കോൺഗ്രസിന്റെ ശിഥിലീകരണം ആരെയൊക്കെ സഹായിക്കുമെന്നത് മറ്റൊരു വിഷയമാണ്. ഏതായാലും അമിത് ഷാ സ്വപ്നം കണ്ട കോൺഗ്രസ് മുക്ത ഭാരതത്തിൽ കേരളവും അണിചേരാനാണ് സാദ്ധ്യത.