കൊച്ചി: കൊച്ചി കോർപ്പറേഷൻ സൗത്ത് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമാകുന്നു. വനിതാസംവരണ ഡിവിഷനായ ഇവിടെ മൂന്നുമുന്നണികളുടെയും സ്ഥാനാർത്ഥി​കൾ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.

ഇടത് ട്രേഡ് യൂണിയൻ നേതാവായിരുന്ന എസ്.സി.എസ് മേനോന്റെ മകളും മഹിളാമോർച്ച ദേശീയ സെക്രട്ടറിയുമായ പദ്മജ എസ്.മേനോനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. എൻവയോൺമെന്റൽ എൻജിനീയറും കൊച്ചി സ്മാർട്ട്സിറ്റി മിഷൻ ഉദ്യോഗസ്ഥയുമായ അനിത വാര്യരാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എസ് .അശ്വതിയാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി.

കേരള യൂണിവേഴ്‌സിറ്റിയുടെ ആദ്യ ചെയർപേഴ്‌സണായ പദ്മജ എറണാകുളം സെന്റ് തെരേസാസ് കോളേജ് കൗൺസിലറായിരുന്ന 1983- 84 കാലത്ത് കെ.എസ്.യു പിന്തുണയോടെയാണ് ആസ്ഥാനത്തെത്തുന്നത്. അന്ന് ചെയർപേഴ്സണായത് അസാധാരണ സംഭവമായിരുന്നു. എസ്.എഫ്.ഐക്കാരുടെ കൂവലും എതിർപ്പും അതിജീവിച്ച് യുവജനോത്സവങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത് പത്മജ തിളങ്ങി. എ.കെ. ആന്റണി മന്ത്രിസഭയുടെ ചടങ്ങുകളിലേതിന് പുറമെ കേന്ദ്ര, സംസ്ഥാനമന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും പദ്മജയ്ക്ക് ഇരിപ്പിടം ലഭിച്ചു. പിന്നീട് പത്രപ്രവർത്തകയായി അവാർഡുകൾ നേടി. ഇടതുപക്ഷ സഹയാത്രികനായിരുന്ന മേനോൻ മകളുടെ രാഷ്ട്രീയതീരുമാനങ്ങളിൽ ഇടപെട്ടില്ല. രാജീവ്ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ സമ്മർദ്ദം ചെലുത്തിയിട്ടും കാമ്പസ് ജീവിതം കഴിഞ്ഞതോടെ പത്മജ രാഷ്ട്രീയംവിട്ടു.

പത്തുവർഷം മുൻപ് തദ്ദേശതിരഞ്ഞെടുപ്പിൽ പനമ്പിള്ളിനഗർ ഡിവിഷനിൽനിന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയായി വീണ്ടും പൊതുരംഗത്ത് തിരിച്ചെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു.


 മറ്റൊരു മാദ്ധ്യമപ്രവർത്തക

അമൃത സ്‌കൂൾ ഒഫ് ആർട്ട് ആൻഡ് സയൻസിൽനിന്ന് ബ്രോഡ്കാസ്റ്റിംഗ് ജേണലിസത്തിൽ മാസ്റ്റർ ബിരുദധാരിയായ അശ്വതിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ദൃശ്യമാദ്ധ്യമ പ്രവർത്തകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇതേ ഡിവിഷനിൽ വീഫോർ കൊച്ചിക്കുവേണ്ടി മത്സരിച്ചു പരാജയപ്പെട്ട അശ്വതി ഇത്തവണ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി. അനിതാവാര്യർ രാഷ്‌ട്രീയരംഗത്ത് പുതുമുഖമാണ്.
40 വർഷത്തോളം യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന സൗത്ത് ഡിവിഷൻ കഴിഞ്ഞതവണ ബി.ജെ.പി സ്ഥാനാർത്ഥി മിനി ആർ. മേനോൻ പിടിച്ചെടുത്തു. ഇവരുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലാ കോൺഗ്രസിന്റെ ആസ്ഥാനമന്ദിരം നിലകൊള്ളുന്ന ഈ ഡിവിഷൻ പിടിച്ചെടുക്കേണ്ടത് യു.ഡി.എഫിന് അഭിമാനപ്രശ്‌നമാണ്. മേയ് പതിനേഴിനാണ് വോട്ടെടുപ്പ്.