കൊച്ചി: കേന്ദ്ര സർക്കാർ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ നടത്തുന്ന നഗര നവീകരണവും വികസനവും വ്യാപാരമേഖലയ്ക്ക് ഉണർവ് നൽകുന്നതാകണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. വ്യാപാരമാന്ദ്യത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന വ്യാപാരമേഖലയ്ക്ക് തടസം വരുത്തുന്ന പ്രവർത്തനങ്ങൾ സൗന്ദര്യവത്കരണത്തിന്റെയും നവീകരണത്തിന്റെയും പേരിൽ അനുവദിക്കാനാവില്ലെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.
തിരക്കേറിയ ഷൺമുഖം റോഡിന്റെ കിഴക്ക് ഓവൻ ബേക്കറി മുതൽ പൊക്കുപാലം വരെ പാർക്കിംഗ് ഏരിയാ കെട്ടിയടച്ചത് വ്യാപാര സ്ഥാപനങ്ങളെ ദോഷകരമായി ബാധിച്ചു. തടസം നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ചേംബർ പ്രസിഡന്റ് കെ.എം മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി സോളമൻ ചെറുവത്തൂർ എന്നിവർ ആവശ്യപ്പെട്ടു.