
കൊച്ചി: എറണാകുളം, മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്കു കീഴിലുള്ള ഓഫീസുകൾ സംയുക്തമായി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022' ൽ നിരവധി പേരുടെ പരാതികൾക്ക് പരിഹാരമായി.
സിറ്റി പെർമിറ്റ് തേടി 21 അംഗ സംഘം
കുടുംബം പുലർത്താൻ വാങ്ങിയ ഓട്ടോയ്ക്ക് സിറ്റി പെർമിറ്റിനായി വർഷങ്ങളായി നെട്ടോട്ടം ഓടുകയാണ് 21 അംഗസംഘം. കഴിഞ്ഞ 6 വർഷമായി കോടതിയിലും ആർ.ടി.ഒ ഓഫീസിലും കയറി ഇറങ്ങിയത് മാത്രം മിച്ചം. ഇതിനിടെ രണ്ടു പേർ മരിച്ചു. വാഹനീയം അദാലത്തിൽ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുളവുകാട് സ്വദേശികളായ ഡൊമനിക്, കൈലാസൻ, ഷാനവാസ്, ആന്റണി ലൂയിസ്, അനിരുദ്ധൻ, സജീഷ് എന്നിവർ എത്തിയത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വന്നെങ്കിലും ആർ.ടി.ഒ ഓഫീസിൽ നിന്നും ഇവർക്ക് കരുണ കിട്ടിയില്ല. ഉടൻ തന്നെ പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇവരുടെ പരാതി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് ഉടനെ കൈമാറി.
ഓട്ടോ പൊളിക്കാൻ
കയറിയിറങ്ങി ജോൺസൺ
കാലാവധി കഴിഞ്ഞ തന്റെ ഓട്ടോ കണ്ടം ചെയ്യുന്നതിനായി 2017 മുതൽ ഓഫീസുകളിൽ കയറി ഇറങ്ങുകയാണ് നെട്ടൂർ സ്വദേശി ജോൺസൺ. ഓട്ടോ തുരുമ്പായെങ്കിലും ബാധ്യത തീർന്നിട്ടില്ലെന്ന് ജോൺസൺ പറയുന്നു. ഇപ്പോൾ വാടക ഓട്ടോയാണ് ജോൺസൺ ഓടിക്കുന്നത്. രണ്ട് പെൺമക്കളുടെ വിവാഹത്തിനായി വീട് പണയം വച്ചിരുന്നു. വീട് ജപ്തിയിലാണ്.
വേണം ഗോശ്രീ ബസുകൾക്ക് നഗരപ്രവേശം
വൈപ്പിനിൽ നിന്ന് എറണാകുളത്തേക്ക് ബസ് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് അസോസിയേഷൻ അപെക്സ് കൗൺസിൽ ഇൻ ഗോശ്രീ ഐലന്റ് അദാലത്തിലെത്തി. വൈപ്പിൻ ബസുകളുടെ സർവീസ് ഹൈക്കോടതി കവലയിൽ അവസാനിപ്പിക്കാതെ നീട്ടണമെന്നാണ് ആവശ്യം. രണ്ട് ബസ് കയറി ഇറങ്ങൽ ഒഴിവാക്കാനാകും.