
കൊച്ചി: മണ്ണെണ്ണയുപയോഗിച്ച് പ്രവർത്തിക്കുന്ന മത്സ്യബന്ധന എൻജിനുകൾ പെട്രോളിലേയ്ക്കോ ഡീസലിലേയ്ക്കോ മാറണമെന്ന മന്ത്രി വി.ആർ. അനിലിന്റെ പ്രസ്താവന അപഹാസ്യവും യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി.
കേന്ദ്ര സർക്കാർ അടിക്കടി എണ്ണവില വർദ്ധിപ്പിക്കുന്നതിനെ ചെറുക്കുകയും മത്സ്യമേഖലയ്ക്ക് ആശ്വാസം പകരുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ട മന്ത്രിക്ക് ഒട്ടും യോജിച്ച നിലപാടല്ലിത്. കേന്ദ്രം വില വർദ്ധിപ്പിച്ചാലും ജനുവരിയിലെ വിലയ്ക്ക് മണ്ണെണ്ണ മത്സ്യത്തൊഴിലാളികൾക്ക് നൽകുമെന്ന മുൻ നിലപാട് മന്ത്രി സൗകര്യപൂർവം മറന്നു.
മണ്ണെണ്ണ ഉപയോഗിക്കുന്ന നാലിലൊന്നു വള്ളങ്ങളും പെട്രോളിലേയ്ക്ക് മാറ്റി. ഡീസലിലേക്ക് ചെറുയന്ത്രങ്ങളെ മാറ്റുന്ന സാങ്കേതികവിദ്യ കേരളത്തിലില്ല. ഇന്ധനവാതകം ഉപയോഗിക്കുന്ന സാങ്കേതികവിദ്യ പരീക്ഷണ ഘട്ടത്തിലാണ്.
ഒന്നര ദശാബ്ദമായി കേന്ദ്ര സർക്കാർ മണ്ണെണ്ണ വിവിതം വെട്ടിക്കുറയ്ക്കുകയാണ്. ഇതിനനുസരിച്ച് സംസ്ഥാനവും വിഹിതം കുറച്ചു. മുമ്പ് പ്രതിമാസം 400 ലിറ്ററിനുമേൽ മണ്ണെണ്ണ സബ്‌സിഡിയായി നൽകിയിരുന്നത് 129 ലിറ്ററാക്കി. പെർമിറ്റും വെട്ടിച്ചുരുക്കി. കേരളത്തിലെ 32,000 എൻജിനുകളിൽ 14,500 നേ പെർമിറ്റ് ലഭിച്ചിട്ടുള്ളൂ. ഒരു മണ്ണെണ്ണ എൻജിന് പ്രതിമാസം 2000 ലിറ്റർ എണ്ണ വേണമെങ്കിലും 129 ലിറ്ററാണ് ലഭിക്കുന്നത്. സബ്‌സിഡി മണ്ണെണ്ണയുടെ വില 62.50 ൽ നിന്ന് 81 രൂപയായി വർദ്ധിച്ചു. 25 രൂപയ്ക്ക് മണ്ണെണ്ണ നൽകുമെന്ന് മുൻമന്ത്രി തോമസ് ഐസക് നടത്തിയ ബഡ്‌ജറ്റ് പ്രഖ്യാപനവും എൽ.ഡി.എഫ്. പ്രകടന പത്രികയിലെ വാഗ്ദാനവും സർക്കാർ മറന്നതായി ഐക്യവേദി ആരോപിച്ചു.