കിഴക്കമ്പലം: മാദ്ധ്യമപ്രവർത്തകൻ സജീവൻ കൊമ്പനാലിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഗുണ്ടയുമായി പുക്കാട്ടുപടിയിലെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഡാലോചന അന്വേഷിക്കണം. ഇതു സംബന്ധിച്ച് പെരുമ്പാവൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാബു പി.ഗോപാൽ അദ്ധ്യക്ഷനായി സെക്രട്ടറി ദിൽഷാദ്, ജില്ലാ കമ്മിറ്റി അംഗം സജോ സക്കറിയ തുടങ്ങിയവർ സംസാരിച്ചു.