
കൊച്ചി: കടലും കപ്പലുമൊക്കെയായി ഇടപഴകുന്ന ഔദ്യോഗിക ചുമതലകൾക്കിടയിലും ചുറ്റുപാടുകളിലെ പച്ചയായ സാമൂഹ്യ യാഥാർത്ഥ്യങ്ങൾ നോവലായും കഥകളായും അനുവാചകരിലെത്തിക്കുന്നു കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ അസി. വാർഫ് സൂപ്രണ്ട് ഷാലൻ വള്ളുവശേരി. ഇതുവരെ എഴുതികൂട്ടിയത് 18 പുസ്തകങ്ങൾ. നിരന്തരം കടലാക്രമണം നേരിടുന്ന ചെല്ലാനം തീരവാസികളുടെ ദുരിതജീവതം അനാവരണം ചെയ്യുന്ന 'കടലിരമ്പം', കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയും അതുമായി ബന്ധപ്പെട്ട സാമൂഹ്യ
'കണ്ണീർ കായൽ' തുടങ്ങി ചുറ്റുപാടുകളിൽ നിന്ന് ഒപ്പിയെടുത്ത കഥാതന്തുക്കളിൽ കാല്പനികഭാവം പകർന്ന നോവലുകൾ, ചെറുകഥാ സമാഹാരം, ഗുണപാഠകഥകൾ ഉൾപ്പെടെയുള്ള ബാലസാഹിത്യം, നാടകങ്ങൾ, തിരക്കഥ തുടങ്ങി ഷാലൻ കൈവയ്ക്കാത്ത സാഹിത്യ ശാഖകളില്ല. ടെലിവിഷൻ ചാനൽ 13 എപ്പിസോഡുകളായി സംപ്രേഷണം ചെയ്ത 'കപ്പേളമുക്ക്' എന്ന സീരിയലിന്റെ കഥയും തിരക്കഥയും ഷാലന്റേതായിരുന്നു.
32 വർഷമായി കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ജോലിചെയ്യുന്ന ഷാലൻ 12 ാം വയസിൽ ലഘുനാടകം രചിച്ചാണ് സാഹിത്യലോകത്ത് പിച്ചവച്ചുതുടങ്ങിയത്. പിന്നീട് നിരവധി ചെറുകഥകൾ എഴുതി ആനുകാലികങ്ങൾക്ക് നൽകി. 13 ാം വയസിൽ പ്രസിദ്ധീകരിച്ച ചെറുകഥയ്ക്ക് കിട്ടിയ 20 രൂപയായിരുന്നു ആദ്യ പ്രതിഫലം. ആ തുകകൊണ്ട് പിതാവിന് മുണ്ട് വാങ്ങിക്കൊടുത്തു. കേരളടൈംസിന്റെ വാരാന്ത്യ പതിപ്പിൽ 21 ലക്കങ്ങളായി ആദ്യനോവലിനും അച്ചടിമഷി പുരണ്ടു. ഇപ്പോൾ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച 6 നോവലുകൾ ഉൾപ്പെടെ 18 പുസ്തകങ്ങൾ വിപണിയിലുണ്ട്. ചുഴി, നഗരം, ആ ഒരുനിമിഷം, ഉഷ:സന്ധ്യപോൽ, കാറ്റിനെതിരെ - ഒഴുക്കിനെതിരെ, ചന്ദ്രോദയം, വർഷമേഘം, ഫ്ലാറ്റുകൾ കഥപറയുന്നു, സ്വയംവരം, കാറ്റിലുലയും പൂക്കൾ, ഒറ്റയ്ക്ക് താമസിക്കുന്ന പെണ്ണ്, വേനൽ മഴപോലെ എന്നിവയാണ് കൃതികൾ.
കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ജീവനക്കാരുടെ കോൺഗ്രസ് അനുകൂല സംഘടനാനേതാവുകൂടിയാണ് ഷാലൻ. കൊച്ചി കടവന്ത്ര ചിലവന്നൂരിൽ വള്ളുവശേരി തോമസ് മറിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ജീന. മക്കൾ എൻജിനീയർമാരായ ടോം, ഷോൺ.