
കൊച്ചി: പോക്സോ കേസിൽ പ്രതിയായ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ടിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഉപദ്രവിച്ചെന്നാരോപിച്ച് കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് റോയ് ജെ. വയലാട്ട്, സൈജു എം. തങ്കച്ചൻ, അഞ്ജലി റീമാദേവ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. 2021 ഒക്ടോബറിൽ അഞ്ജലിക്കൊപ്പം ബിസിനസ് മീറ്റിംഗിനായി നമ്പർ 18 ഹോട്ടലിൽ എത്തിയെന്നും ഇവിടെവച്ച് റോയ് തന്നെയും മകളെയും ഉപദ്രവിച്ചെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. കേസിൽ റോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ മാർച്ച് 8ന് ഹൈക്കോടതിയും മാർച്ച് 11ന് സുപ്രീംകോടതിയും തള്ളിയിരുന്നു. തുടർന്ന് മാർച്ച് 13ന് മട്ടാഞ്ചേരി അസി. കമ്മിഷണർ ഓഫീസിൽ കീഴടങ്ങി. 21ന് എറണാകുളം പോക്സോ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. കേസിലെ രേഖകൾ പരിശോധിക്കാതെ നിസാരകാരണങ്ങൾ വിലയിരുത്തിയാണ് കോടതി ജാമ്യം നൽകിയതെന്നും ജാമ്യം അനുവദിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.