
കൊച്ചി: സഹകരണ എക്‌സ്‌പോയിലെ മുള, ഈറ്റ ഉത്പന്ന സ്റ്റാൾ അൽപം ന്യൂജെനാണ്. മൊബൈൽ സ്റ്റാൻഡ്, പെൻഹോൾഡർ, എ.ടി.എം കാർഡ് ഹോൾഡർ, പെൻബോക്‌സ്, ബ്രഷ് ബോക്‌സ്, ക്ലോക്ക്, അങ്ങനെ നീളും ആ പട്ടിക. വടക്കാഞ്ചേരി പട്ടികജാതി ഈറ്റത്തൊഴിലാളി സഹകരണ സംഘവും ചേലക്കര പട്ടികജാതി സഹകരണ സംഘവും ചേർന്നാണ് സ്റ്റാളൊരുക്കിയത്.
10രൂപയുടെ പപ്പടം കുത്തി മുതൽ 1,800രൂപയുടെ മുള ശില്പം വരെ ഇവിടെയുണ്ട്. മുറം, കുട്ട, വിശറി തുടങ്ങിയ പഴയ മുള, ഈറ്റ ഉത്പന്നങ്ങളും ഏറെ. സംഘം ജീവനക്കാരായ ബാലകൃഷ്ണനും ചന്ദ്രനും ആവശ്യമനുസരിച്ച് ഉത്പന്നങ്ങൾ നിർമ്മിച്ചു നൽകും.
മുള കിട്ടാക്കനി...പ്രതിസന്ധി
മുള, ഈറ്റ എന്നിവയുടെ ദൗർലഭ്യം മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അങ്കമാലി ബാംബു കോർപ്പറേഷനിൽ നിന്ന് വളരെ കുറച്ച് മുളയും ഈറ്റയുമാണ് ലഭിക്കുന്നത്. ഉത്പന്നങ്ങൾക്ക് പഴയതുപോലെ വില ലഭിക്കുന്നുമില്ല. അങ്ങിനെയാണ് പുതിയ പരീക്ഷണത്തിനിറങ്ങിയതെന്ന് സംഘം ജീവനക്കാരനായ ബാലകൃഷ്ണൻ പറഞ്ഞു.
വിദ്യാർത്ഥികളുടെ പരീക്ഷണങ്ങൾ
പത്തനാപുരം എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ രൂപം നൽകിയ മൈക്കും, വയറും, സ്പീക്കറുമെല്ലാം ഒന്നിച്ചുള്ള പോഡിയം ഏറെപ്പേരുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ റോഡുകളിൽ ഉപയോഗിക്കാവുന്ന എടുത്തു മാറ്റാവുന്ന ട്രാഫിക് ലൈറ്റ് സ്റ്റാൻഡുകവും പുതിയ ഉത്പന്നങ്ങളിലൊന്നാണ്.
സാനിറ്ററി നാപ്കിനുകൾ ചാരമാക്കുന്ന ഇൻസിനറേറ്റർ, ഫേസ് ഡിറ്റക്ടർ തുടങ്ങിയവും പ്രദർശനത്തിലുണ്ട്.
പുന്നപ്ര എൻജിനയറിംഗ് ആൻഡ് മാനേജ്മെന്റ് കോളേജ്, ആറന്മുള എൻജിനിയറിംഗ് കോളേജ്, പത്തനാപുരം എൻജിനിയറിംഗ് കോളേജ്, പെരുമൺ എൻജിനിയറിംഗ് കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ് ആൻഡ് ടെക്‌നോളജി പുന്നപ്ര എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ഈ ഉത്പന്നങ്ങളുടെ പിന്നിൽ.
എക്‌സ്‌പോയിൽ തിരക്കേറി
സഹകരണ എക്‌സ്‌പോ അവസാനിക്കാൻ രണ്ടുദിനം മാത്രം ബാക്കി നിൽക്കെ വൻ തിരക്കാണിപ്പോൾ. ഇന്നലെയും തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം മേള കാണാനെത്തി.
മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, എൻ.സി.യു.എ ചെയർമാൻ ദിലീപ് സംഘാനി, മുൻ സഹകരണ വകുപ്പ് മന്ത്രി എസ്. ശർമ, മന്ത്രി എം.വി. ഗോവിന്ദൻ എന്നിവർ പങ്കെടുത്ത രണ്ട് സെമിനാറുകളും നടന്നു.