photo

മുറിവേറ്റ് വീണ് മാസം രണ്ടാകുമ്പോഴും യുക്രെയിൻ ഉയിർത്തെഴുന്നേറ്റില്ല. പകരം അമ്പത്തിയേഴാംദിവസം യുക്രെയിന്റെ ഹൃദയനഗരമായ മരിയോപോൾ വീണു. ആക്രമണത്തിൽ പരിക്കേറ്റ ഇരവീണ്,​ രക്തംവാർന്ന് അവശയായി മരണത്തെ കാത്തിരിക്കുമ്പോഴും ഇരയുടെ കഴുത്തിൽനിന്ന് പിടിവിടാത്ത കൊലയാളിയെപ്പോലെയാണ് റഷ്യ ഇപ്പോൾ.



ഇത്രയും നാൾ നടത്തിയ യുദ്ധത്തിനിടെ യുക്രെയിന്റെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് റഷ്യ കീഴടക്കുന്നത് ആദ്യമായിട്ടാണ്. ഇതിനിടെ റഷ്യയ്ക്ക് കനത്ത നാശനഷ്ടം നേരിടേണ്ടിവന്നെന്ന് യു.എസും യുക്രെയിനും അവകാശപ്പെടുന്നുണ്ട്. മരിയോപോൾ കീഴടക്കിയതായി കഴിഞ്ഞദിവസം രാവിലെയോടെ റഷ്യയുടെ പ്രതിരോധമന്ത്രി സെർജി ഷോയിഗുവാണ് ഒരു ടെലിവിഷൻ ഷോയ്ക്കിടെ പറഞ്ഞത്. തൊട്ടുപിന്നാലെ മരിയോപോളിന്റെ “വിമോചനം” റഷ്യൻ സേനയുടെ “വിജയം” ആണെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് വ്ളാദിമിർ പുടിനും രംഗത്തെത്തി. എന്നാൽ, ഇതിന് പിന്നാലെ മരിയോപോളിലെ കൂട്ടകുഴിമാടങ്ങളുടെ യു.എസ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ കണ്ട് കണ്ണീർവാർക്കുകയാണ് ലോകം.

യുക്രെയിനിലേക്ക് സൈനിക നടപടി ആരംഭിച്ചപ്പോൾ മുതൽ റഷ്യ യുദ്ധകുറ്റാരോപണം നേരിടുന്നുണ്ട്. ബുച്ച, ഇർപിൻ എന്നീ നഗരങ്ങിൽ നൂറുകണക്കിന് സാധാരണക്കാരുടെ കൂട്ടകുഴിമാടങ്ങളാണ് കണ്ടെത്തിയത്. ബുച്ചയിൽ ഏതാണ്ട് 900 പേരുടെ കുഴിമാടം കണ്ടെത്തിയപ്പോൾ ഇർപിനിൽ 260 ഓളം പേരെ അടക്കിയ കൂട്ടകുഴിമാടങ്ങൾ കണ്ടെത്തിയതായി യുക്രെയിൻ അവകാശപ്പെട്ടിരുന്നു. മാത്രമല്ല, കുഴിമാടങ്ങളിൽനിന്ന് ലഭിച്ച മൃതദേഹങ്ങളുടെ കൈകൾ പിന്നിൽ കെട്ടിയിരുന്നെന്നും ഇവരുടെ തലയ്ക്ക് പിറകിൽ വെടിയേറ്റതിന്റെ പാടുകളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും ഇത്തരം ആരോപണങ്ങൾ റഷ്യ തുടർച്ചയായി നിഷേധിച്ചു. എന്നാൽ, മരിയോപോളിൽ കണ്ടെത്തിയതായി പറയപ്പെടുന്ന കൂട്ടക്കുഴിമാടത്തെക്കുറിച്ച് പ്രതികരിക്കാൻ റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. മരിയോപോളിന് സമീപം 200 ഓളം ശവക്കുഴികൾ അടങ്ങിയ ഒരു കൂട്ടശ്മശാന സ്ഥലം കണ്ടെത്തിയതായി ഒരു യു.എസ് ഉപഗ്രഹ സ്ഥാപനമാണ് ആദ്യം റിപ്പോർട്ട് പുറത്തുവിട്ടത്.

യുക്രെയിനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യംവയ്ക്കുമ്പോൾത്തന്നെ, മരിയോപോളിനെ കീഴടക്കാൻ റഷ്യ നിരന്തരം ശ്രദ്ധിച്ചിരുന്നു എന്നുതന്നെ വേണം കരുതാൻ. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതൽ യുക്രെയിന്റെ തെക്ക് കിഴക്കൻ തീരദേശ നഗരമായ മരിയോപോളിലേക്ക് റഷ്യ നിരന്തരം മിസൈൽ ആക്രമണം നടത്തിയിരുന്നു. നഗരത്തിലെ ഏതാണ്ട് 90 ശതമാനം കെട്ടിടങ്ങളും പൂർണ്ണമായും തകർന്നെന്നും തകരാത്ത കെട്ടിടങ്ങൾ അത്യപൂർവ്വമാണെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രദേശം മുഴുവൻ നിയന്ത്രണത്തിലാക്കണമെന്നും അവിടെനിന്ന് ഒരു ഈച്ചയെപ്പോലും രക്ഷപ്പെടാൻ അനുവദിക്കരുതെന്നുമാണ് പുടിന്റെ നിർദേശം. ആക്രമണം തുടങ്ങിയതുമുതൽ ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് അവിടുത്തെ ജനങ്ങൾ.

പ്രേതനഗരമായ ബുച്ച

യുക്രെയിനിലെ സ്വിറ്റ്സർലൻഡെന്നാണ് ബുച്ച നഗരം അറിയപ്പെട്ടിരുന്നത് തന്നെ. പക്ഷേ, ആ മനോഹരമായ സ്ഥലത്ത് ചോരയിലും കണ്ണീരിലും കുതിരാത്ത ഒരിഞ്ച് മണ്ണ് പോലുമില്ല ഇന്ന്. നഗരം പൂർണമായും തകർക്കപ്പെട്ടു. ബുച്ചയുടെ തെരുവുകളിൽ ശവശരീരങ്ങൾ നിറഞ്ഞുകിടന്നു. ദീർഘവും അതിക്രൂരവുമായ ആക്രമണമാണ് ബുച്ചയിൽ റഷ്യൻസൈന്യം നടത്തിയത്. കൺമുന്നിൽ കണ്ടവരെയെല്ലാം അവർ വെടിവച്ചിട്ടു. നിരായുധരെയും കുട്ടികളെയും കൊന്നൊടുക്കി. ബുച്ച പട്ടണത്തിൽ റഷ്യ സാധാരണ പൗരന്മാരെ കൂട്ടക്കൊല നടത്തിയെന്ന ആരോപണം ഉയർത്തി യുക്രെയ്ൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ, യുക്രെയിൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ എന്നിവർ രംഗത്തെത്തിയതിനു പിന്നാലെ രാജ്യാന്തരതലത്തിൽ റഷ്യയ്ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കൂട്ടക്കൊലയ്ക്ക് ഇരയാക്കപ്പെട്ട 410 പേരുടെ മൃതശരീരങ്ങൾ കണ്ടെത്തിയെന്ന് യുക്രെയിൻ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ വ്യക്തമാക്കിയിരുന്നു. ബുച്ച സന്ദർശിച്ച യുക്രെയിൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി വളരെ വൈകാരികമായാണ് പ്രതികരിച്ചത്. ബുച്ചയിലെ കുട്ടക്കുരുതി വംശഹത്യയാണെന്നും റഷ്യയുടെ യുദ്ധക്കുറ്റമായി ലോകം കണക്കാക്കുമെന്നും സെലെൻസ്കി പറഞ്ഞു. റഷ്യൻ സൈനികർ പലരുടെയും കൈ കാലുകൾ മുറിച്ചു മാറ്റിയെന്നും നിരവധി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും സെലെൻസ്കി ആരോപിച്ചു.