പെരുമ്പാവൂർ: ലോകഭൗമദിനാചരണത്തിന്റെ ഭാഗമായി പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ വിദ്യാർത്ഥികൾ 'കലാം നാളം, ഭൂമിക്കൊരു തിരി' തെളിച്ചു. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ സന്ദർശനവേളയിൽ നട്ട ഇലഞ്ഞിമരത്തിനു ചുറ്റുമാണ് തിരി തെളിച്ചത്. ഭൂമിയെ സംരക്ഷിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. വരുംതലമുറയ്ക്ക് അർഹതപ്പെട്ട ഭൂമിയുടെ നിലനില്പിനാണ് പ്രതിജ്ഞയെന്ന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത് സ്‌കൂൾ പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് പറഞ്ഞു.