മൂവാറ്റുപുഴ: പായിപ്ര ഗവ. യു.പി സ്കൂളിൽ ത്രിദിന അവധിക്കാല ക്യാമ്പ് കളിയൂഞ്ഞാൽ - 2022 ന് തുടക്കമായി. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർന്നതിനും നിർമ്മാണം, അഭിരുചികൾ വളർത്തുന്നതിനും അവധിക്കാലം ഉല്ലാസഭരിതമാക്കുന്നതിനും വേണ്ടിയാണ് സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യ ദിനത്തിൽ വരക്കൂട്ടം പരിപാടിക്ക് ചിത്രകലാ അദ്ധ്യാപകൻ കെ.എം.ഹസ്സൻ, ബലൂൺ ആർട്ടിൽ മാസ്റ്റർ റൈഹാൻ സമീർ, എൽ.ഇ.ഡി ബൾബ് നിർമ്മാണം, എൽ.ഇ.ഡി സ്റ്റാർ നിർമ്മാണം, പേപ്പർ ക്യാരി ബാഗ് നിർമ്മാണം, ലോഷൻ നിർമ്മാണം എന്നിവയിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, ചോക്ലേറ്റ് നിർമ്മാണത്തിൽ തസ്നിം.എസ്, നാടൻ പാട്ട് മേളത്തിൽ രതീഷ് വിജയൻ, ജീവിത നൈപുണികൾ എന്ന വിഷയത്തിൽ സ്കൂൾ കൗൺസിലർ ഹണി വർഗ്ഗീസും ക്ലാസുകൾക്ക് നേതൃത്വം നൽകി. രണ്ടാം ദിനത്തിൽ പിങ്ക് പൊലീസുമായി അഭിമുഖം, ശില്പിയും ദേശീയ അംബേദ്ക്കർ പുരസ്ക്കാര ജേതാവുമായ രവീന്ദ്രൻ ചെങ്ങനാട്ടിന്റെ കരകൗശല പ്രദർശനവും കളിമൺ നിർമ്മാണ പരിശീലനം, ഖദീജ കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഗെയിംസ്, സ്പോക്കൻ ഇംഗ്ലീഷ് എന്നിവയിൽ ക്ലാസും നടന്നു.