കാലടി: ശ്രീഭൂതപുരം ജലസേചന പദ്ധതിയുടെ പൈപ്പ് പലയിടത്തുമായി പൊട്ടിയതിനെ തുടർന്ന് ആയിരത്തിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കിഴക്കേപ്രദേശം കൊടുംവരൾച്ചയിലേക്ക്. കാർഷികവിളകൾ കരിഞ്ഞുണങ്ങി. കിണറുകൾ വറ്റിവരണ്ടു. കുടിവെള്ളക്ഷാമം രൂക്ഷമായി. പ്ലാസ്റ്റിക് പൈപ്പിലൂടെയാണ് ജലസേചനം നടക്കുന്നത്. കിഴക്കേ പ്രദേശത്തെ മദ്രസ മുതൽ എരയാമ്പൂർ ക്ഷേത്രം, കപ്പേള പ്രദേശങ്ങളിലെ ആയിരത്തിലധികം കുടുംബങ്ങളാണ് രൂക്ഷമായ ജലക്ഷാമം നേരിടുന്നത്. അടിയന്തരമായി വകുപ്പ് മേധാവികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് കേരള കർഷകസംഘം ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കബീർ മേത്തർ, സെക്രട്ടറി ഒ.എൻ.ഗോപാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം പി.കെ.ബിജു പാപ്രയിൽ എന്നിവർ ആവശ്യപ്പെട്ടു.