മൂവാറ്റുപുഴ: മഞ്ഞള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒമ്പതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവ്വഹിക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ആർദ്രം പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ കെട്ടിടത്തിലാണ് മഞ്ഞള്ളൂർ കുടുംബാരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത്. മഞ്ഞള്ളൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തെയാണ് ഇപ്പോൾ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിരിക്കുന്നത്.

ചടങ്ങിനോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രോഫ.ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ എൽദോ എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മഞ്ഞള്ളൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. 2018ലെ പ്രളയത്തെ തുടർന്ന് സംസ്ഥാനത്തിന് ലഭിച്ച ഇതര സംസ്ഥാനങ്ങളിലെ എം.പിമാരുടെ ഫണ്ട് 50 ലക്ഷം രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 60 ലക്ഷം രൂപയും ദേശീയ ആരോഗ്യമിഷനിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപയും ഗ്രാമ,ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളും വിനിയോഗിച്ചാണ് പുതിയ മന്ദിരം നിർമിക്കുകയും കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തത്. മഞ്ഞള്ളൂർ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം കിട്ടുന്ന വിധം ചികിത്സ ലഭ്യമാക്കാനാണ് പുതിയ കുടുംബാരോഗ്യം ഒരുക്കിയിക്കുന്നത്.


ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞള്ളൂർ പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതോടെ ഒ.പി സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാകും. ആധുനിക സൗകര്യമുള്ള ലാബ്, ഫാർമസി, ഒ.പി സൗകര്യം, രോഗികൾക്കുള്ള വിശ്രമകേന്ദ്രം, ഡോക്ടർമാരുടെ മുറികൾ, കുട്ടികളുടെ കുത്തിവയ്പ്, ഫീൽഡ് സ്റ്റാഫ് റൂം, പാലിയേറ്റീവ് പരിചരണ വിഭാഗം, ഓഫീസ് മുറികൾ, കോൺഫറൻസ് ഹാൾ എന്നിവയും പ്രവർത്തിക്കാവുന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം ശ്വാസ് ആശ്വാസ് ക്ലിനിക്ക്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ജീവിത ശൈലി രോഗനിർണ്ണയ ക്ലിനിക്ക്, ഗർഭകാല പരിചരണവും കൗൺസിലിംഗും, പ്രതിരോധ കുത്തിവയ്പുകൾ, കുടുംബാസൂത്രണം, കൗമാര സൗഹൃദ ക്ലിനിക്ക്, വയോചന ക്ലിനിക്ക് പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ എന്നീ സേവനങ്ങളും കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിക്കും. ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതോടെ രോഗീസൗഹൃദ കേന്ദ്രമായി മഞ്ഞള്ളൂർ ആശുപത്രി മാറും.