
കൊച്ചി: കൊച്ചിനഗരത്തെ വിറപ്പിച്ച് ഈമാസം നടന്ന രണ്ട് വമ്പൻ കവർച്ചയ്ക്ക് പിന്നിലെ അജ്ഞാത സംഘത്തെ പൊക്കാൻ പൊലീസിന്റെ സ്പെഷ്യൽ ടീമെത്തി. കൊച്ചി സിറ്റി പൊലീസിലെ ഒരു സി.ഐ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന അന്വേഷണ സംഘത്തെയാണ് നിയമിച്ചിട്ടുള്ളത്. പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രതികളുടേതെന്ന് കരുതുന്ന രണ്ട് വിരലടയാളങ്ങൾ ലഭിച്ചത് പൊലീസിന് ആശ്വാസമായി. കുപ്രസിദ്ധ മോഷ്ടാക്കളുടേതുൾപ്പെടെയുള്ളവരുടെ വിരലടയാളാവുമായി ഇത് ഒത്തുനോക്കും. അടുത്തിടെ ജയിൽമോചിതരായ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. മോഷ്ടാക്കൾ സ്ഥലം വിട്ടിരിക്കാമെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ ഒന്നിന് എറണാകുളം സരിത തീയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട്ടിൽ നിന്ന് 100 പവന്റെ സ്വർണ, വജ്രാഭരണങ്ങളും പണവും മൊബൈലുമാണ് മോഷണം പോയത്. വിഷുദിനത്തിലായിരുന്നു രണ്ടാമത്തെ കവർച്ച. കൊച്ചി നഗരത്തിൽ 24മണിക്കൂറും ആളനക്കമുള്ള സ്വകാര്യ ആശുപത്രിക്ക് സമീപത്ത് താമസിക്കുന്ന അമേരിക്കൻ മലയാളിയുടെ ഇരുനില വീട്ടിൽ നിന്ന് 20 പവൻ സ്വർണാഭരണവും 3.2 ലക്ഷം രൂപയും യു.എസ് ഡോളറുമാണ് കവർച്ചചെയ്യപ്പെട്ടത്. ഇരുകേസുകൾക്ക് പിന്നിലും ഒരേ സംഘം തന്നെയാണെന്നാണ് സംശയിക്കുന്നത്.
അതിബുദ്ധിപരമായാണ് ഇരുവീടുകളിലും കവർച്ച. രണ്ട് വീടുകളിലും പരിസരപ്രദേശങ്ങളിലും സി.സി.ടിവി പ്രവൃത്തിക്കുന്നില്ല. സരിത തീയേറ്ററിന് സമീപത്തെ മറ്റൊരു സി.സി.ടിവി പരിശോധിച്ച പൊലീസിന് സംശയിക്കത്ത ഒരു ദൃശ്യം ലഭിച്ചിട്ടുണ്ട്.
ലോഡ്ജുകളിൽ പരിശോധന
കൊച്ചി നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ മാസവും ഈമാസം ഇതുവരെയും താമസിച്ചിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു.