ആലങ്ങാട്: കളമശേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ്. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം ഉണ്ടായ കരുമാല്ലൂർ, കുന്നുകര പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ വ്യവസായ മന്ത്രിയുടെ നിർദ്ദേശാനുസരണം ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലത ലാലു, കുന്നുകര പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷിബി പുതുശ്ശേരി,കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സെറിൻ ഫിലിപ്പ്, കൃഷി അസി. ഡയറക്ടർ വിദ്യ ഗോപിനാഥ് എന്നിവരടങ്ങിയ സംഘമാണ് വെളിയത്തുനാട്, തടിക്കക്കടവ്, മാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങൾ സന്ദർശിച്ചത്. കൃഷിനാശം വിലയിരുത്തിയ സംഘം കർഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കൃഷിനാശം സംബന്ധിച്ച ഫോട്ടോകളും മറ്റ് രേഖകളും കർഷകർ അക്ഷയകേന്ദ്രം വഴി 10 ദിവസത്തിനകം സമർപ്പിക്കണം.